ധാക്ക: പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് 104 റണ്ണിന്റെ തകര്‍പ്പന്‍ ജയം. സ്കോര്‍: ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സ് 413, രണ്ടാം ഇന്നിങ്സ് ഒന്‍പതിന് 240 ഡിക്ലയേഡ്. പാകിസ്താന് ഒന്നാം ഇന്നിങ്സ് 386, രണ്ടാം ഇന്നിങ്സ് 163. ബംഗ്ലാദേശ് മുന്നോട്ടു വച്ച 268 റണ്‍ പിന്തുടര്ന്നാണു പാകിസ്താന് 163 ന് ഓള്‍ഔട്ടായത്. രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ബംഗ്ലാദേശ് മുന്‍തൂക്കം നേടി. രണ്ടാം ടെസ്റ്റ് സമനിലയായാലും ബംഗ്ലാദേശിനു പരമ്പര നേടാം. മൂന്നിന് 152 എന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ് തുടര്‍ന്ന ബംഗ്ലാദേശിനായി നായകന് നജ്മുള്‍ ഹുസൈന് ഷാന്റോ (150 പന്തില്‍ 87), മോമിനുള്‍ ഹഖ് (56) എന്നിവര്‍ അര്‍ധ സെഞ്ചുറിയടിച്ചു. മുഷ്ഫിഖര്‍ റഹിം (37 പന്തില്‍ 22), മെഹ്ദി ഹസന് മിറാസ് (27 പന്തില്‍ ഒരു സിക്സറും മൂന്ന് ഫോറുമടക്കം 24) അവസരത്തിനനുസരിച്ചു ബാറ്റ് ചെയ്തു. പാകിസ്താനു വേണ്ടി ഹസന് അലിയും നോമന് അലിയും മൂന്ന് വിക്കറ്റ് വീതമെടുത്തു.
പാക് നിരയില്‍ അബ്ദുള്ള ഫസല്‍ (113 പന്തില്‍ 66), സല്മാന് ആഗ (26) എന്നിവര്‍ക്കു മാത്രമാണു പൊരുതാനായത്. ഇമാം ഉള് ഹഖ് (രണ്ട്), അസാന് അവൈസ് (15), നായകന് ഷാന്‍ മസൂദ് (രണ്ട്), സൗദ് ഷക്കീല്‍ (15), മുഹമ്മദ് റിസ്വാന് (15), നോമന് അലി (നാല്), ഹസന് അലി (ഒന്ന്), ഷഹീന് ഷാ അഫ്രീഡി (0) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങി. 40 റണ്‍ വഴങ്ങി അഞ്ച് വിക്കറ്റെടുത്ത നാഹിദ് റാണയാണു ബംഗ്ലാ ജയത്തിനു ചുക്കാന്‍ പിടിച്ചത്്. ടസ്കിന് അഹമ്മദും തായ്ജുള്‍ ഇസ്ലാമും രണ്ട് വിക്കറ്റ് വീതവും മെഹ്ദി ഹസന് മിറാസ് ഒരു വിക്കറ്റുമെടുത്തു. ഒന്നാം ഇന്നിങ്സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിങ്സില്‍ അര്‍ധ സെഞ്ചുറിയുമടിച്ച നജ്മുള്‍ ഹുസൈന് ഷാന്റോയാണു മത്സരത്തിലെ താരം. 2024 വരെ ബംഗ്ലാദേശിന് പാകിസ്താനെ ടെസ്റ്റില്‍ തോല്‍പ്പിക്കാനായിരുന്നില്ല. പാകിസ്താനെതിരേ തുടരെ മൂന്ന് ടെസ്റ്റ് ജയങ്ങള്‍ കുറിക്കാന്‍ അവര്ക്കിപ്പോഴായി.





