ഹൈദരാബാദ്: രണ്ടുവട്ടം ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി. ഇന്ത്യന്‍ ഫുട്ബോള്‍ ലീഗില്‍നിന്നു തരംതാഴ്ത്തപ്പെടില്ല.
നാംധാരി എസ്.സിക്കെതിരേ നടന്ന നിര്‍ണായക മത്സരത്തില്‍ 1-0 ത്തിനു ജയിച്ചതോടെയാണു ഗോകുലം രക്ഷപ്പെട്ടത്. ഡെക്കാന്‍ അരീനയില്‍ നടന്ന മത്സരത്തിന്റെ 98-ാം മിനിറ്റിലാണു ട്രിജോയ് സാവിയോ ഡിയാസിന്റെ ഗോകുലത്തിന്റെ ജീവന് നിലനിര്‍ത്തിയ ഗോള്‍ വീണത്. നാംധാരിക്ക് ലീഗില്‍ നിലനില്ക്കാന് സമനില മാത്രം മതിയായിരുന്നു. ഒന്‍പത് പോയിന്റുമായി ഏറ്റവും പിന്നിലായിരുന്ന ഗോകുലത്തിന് തരംതാഴ്ത്തല്‍ ഒഴിവാക്കാന്‍ ജയത്തില്‍ കുറഞ്ഞ വഴിയില്ലായിരുന്നു. ജയത്തോടെ 12 പോയിന്റുമായി ഗോകുലം ഇന്ത്യന്‍ ഫുട്ബോള്‍ ലീഗില്‍ തുടര്‍ന്നു. നാംധാരി ഐ ലീഗ് 2 വിലേക്കു തരംതാഴ്ത്തപ്പെട്ടു. പ്രഥമ ഐ ലീഗ് സീസണിലും അടുത്ത സീസണിലും ജേതാക്കളാകാന്‍ ഗോകുലത്തിനായി. വേറെയും കിരീടാവകാശികളെത്തിയതിനു പിന്നാലെ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ഐ ലീഗ് ജേതാക്കള്‍ക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കു സ്ഥാനക്കയറ്റം എന്ന വാഗ്ദാനവുമായെത്തി.
തുടര്‍ന്ന് ജേതാക്കളാകാന്‍ ഗോകുലത്തിനായില്ല. ഈ സീസണില്‍ തുടരന് തോല്‍വികള്‍ നേരിട്ടത് കിരീട സാധ്യത ഇല്ലാതാക്കി. നാംധാരി എസ്.സിക്കെതിരേ 70 ശതമാനം സമയത്തും പന്ത് ഗോകുലം താരങ്ങളുടെ പക്കലായിരുന്നു. നാംധാരിയുടെ ഗോള്‍ വലയം ഭേദിക്കാന്‍ മാത്രം അവര്‍ക്കായില്ല. ഗോള്‍ കീപ്പര്‍ ഷിബിന്‍രാജ് കുന്നിയിലിന്റെ തുടരന് സേവുകള്‍ ഗോകുലത്തിനു രക്ഷയുമായി. ഗോകുലത്തിന്റെ 17 ഷോട്ടുകളില്‍ ഏഴെണ്ണം പോസ്റ്റിലേക്കായിരുന്നു. 12 കളികളില്‍ നിന്നാണു ഗോകുലം 12 പോയിന്റ് നേടിയത്. അവര്‍ മൂന്ന് ജയങ്ങളും മൂന്ന് സമനിലയും കുറിച്ചു. ആറ് തോല്‍വികളാണു നേരിട്ടത്. 14 പോയിന്റ് നേടിയ റയാല്‍ കശ്മീര്‍ എഫ്.സിയും 13 പോയിന്റുള്ള ഐസ്വാള്‍ എഫ്.സിയും തരംതാഴ്ത്തല്‍ ഒഴിവാക്കി.




