
സെവിയ്യ: കളിച്ചുവളര്‍ന്ന ക്ലബ്ബ് കടംകയറി മുടിയാറായപ്പോള് രക്ഷകനായി പഴയതാരം സെര്‍ജിയോ റാമോസ്. സ്പാനിഷ് പ്രതിരോധ ഇതിഹാസം തന്റെ പഴയ ക്ലബ്ബായ സെവിയ്യയെ വാങ്ങാനൊരുങ്ങുന്നു. വരും ദിവസങ്ങളില്‍ ഇതിന്റെ വിവരം ഔദ്യോഗികമായി പുറത്തുവരും. 40-കാരനായ റാമോസും 'ഫൈവ് ഇലവന് ക്യാപിറ്റല്‍' എന്ന ഫുട്ബോള്‍ ഹോള്‍ഡിംഗ് കമ്പനിയും ചേര്‍ന്ന് സെവിയ്യയുടെ നിലവിലെ ഓഹരി ഉടമകളുമായി കരാറിലെത്തിയെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്ലബ്ബിന്റെ കടബാധ്യതകള്‍ ഉള്‍പ്പെടെ 450 മില്യണ്‍ യൂറോ (ഏകദേശം 4,000 കോടിയിലധികം രൂപ) നല്‍കാനാണ് റാമോസ് സമ്മതിച്ചിരിക്കുന്നത്. ഒരു സ്പോര്‍ട്സ് പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ 25 ശതമാനത്തിലധികം ഓഹരികള്‍ കൈവശപ്പെടുത്തുമ്പോള്‍ ആവശ്യമായ സ്പെയിനിലെ ഹൈ കൗണ്‍സില്‍ ഓഫ് സ്പോര്‍ട്ടിന്റെ അനുമതി മാത്രമാണ് ഇനി ലഭിക്കാനുള്ളത്.
ഈ 450 മില്യണ്‍ യൂറോ നിക്ഷേപത്തിലൂടെ ക്ലബ്ബിന്റെ ഏകദേശം 80 ശതമാനം ഓഹരികളും റാമോസിന് സ്വന്തമാകും. നിലവില്‍ കാരിയന്‍, കാസ്ട്രോ, അലസ് എന്നീ മൂന്ന് കുടുംബങ്ങള്‍ക്കും, മുന്‍ പ്രസിഡന്റും ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയുമായ (25%) ജോസ് മരിയ ഡെല്‍ നിഡോ ബെനാവെന്റിനുമാണ് ക്ലബ്ബില്‍ അധികാരമുള്ളത്.
സെവിയ്യയുടെ യൂത്ത് ടീമിലൂടെ കരിയര്‍ ആരംഭിച്ച സെര്‍ജിയോ റാമോസ്, അവിടെ ഒരു സീസണ് കളിച്ച ശേഷമാണ് 2005-ല്‍ റയല്‍ മാഡ്രിഡില്‍ ചേരുന്നത്. തുടര്‍ന്നുള്ള 15 വര്‍ഷം റയലില്‍ ഇതിഹാസതുല്യമായ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. 2021-ല്‍ മാഡ്രിഡ് വിട്ട അദ്ദേഹം രണ്ട് വര്‍ഷം പി.എസ്.ജിയിലും തുടര്‍ന്ന് 2023-2024 സീസണില്‍ സെവിയ്യയിലും കളിച്ചു. പിന്നീട് മെക്സിക്കോയിലെ മോണ്ടെറി ക്ലബ്ബിലേക്ക് മാറി. നിലവില്‍ ക്ലബ്ബുകളൊന്നുമില്ലാത്ത റാമോസ് ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
സാമ്പത്തികമായും കായികമായും വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് റാമോസ് സെവിയ്യയെ വാങ്ങുന്നത്. ലാ ലിഗയില്‍ സീസണ് അവസാനിക്കാന്‍ മൂന്ന് മത്സരങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സെവിയ്യ തരംതാഴ്ത്തല്‍ ഭീഷണിയിലാണ്. സെവിയ്യ ഉള്‍പ്പെടെ അഞ്ച് ക്ലബ്ബുകള്‍ റെലഗേഷന് സോണിന് തൊട്ടുമുകളിലായി വെറും മൂന്ന് പോയിന്റ് വ്യത്യാസത്തില്‍ നിലകൊള്ളുകയാണ്. 18-ാം സ്ഥാനത്തുള്ള അലാവസിനും 19-ാം സ്ഥാനത്തുള്ള ലെവാന്റെയ്ക്കും ഇപ്പോഴും ലീഗില്‍ നിലനില്ക്കാന് സാധ്യതയുണ്ട്.






