
ലക്നൗ: ഇന്ധനം ലാഭിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനായുള്ള ശ്രമങ്ങളുടെയും ഭാഗമായി തന്റെയും മന്ത്രിമാരുടെയും വാഹനവ്യൂഹത്തിന്റെ എണ്ണം പകുതിയായി കുറയ്ക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനപ്രതിനിധികള്‍ ആഴ്ചയിലൊരിക്കല്‍ പൊതുഗതാഗതം ഉപയോഗിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഇതിനൊപ്പം കൂടുതല്‍ ജനപങ്കാളിത്തത്തിനായി 'വാഹന രഹിത ദിനം' ആചരിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇന്ധന സംരക്ഷണം ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്താണ് നടപടി. നിരവധി നടപടികള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം ഉടനടി 50 ശതമാനം കുറയ്ക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ധന ഉപഭോഗം കുറയ്ക്കാനും സ്വര്‍ണ്ണത്തിന്റെ അനാവശ്യ വാങ്ങലുകള്‍ ഒഴിവാക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിഭവങ്ങള്‍ സംരക്ഷിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം സംസ്ഥാനത്തെ ജനങ്ങള്‍ നടപ്പിലാക്കണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും പൊതുഗതാഗതം ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍, സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍, സമൂഹത്തിലെ മറ്റ് വിഭാഗങ്ങള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ ആഴ്ചയിലൊരിക്കല്‍ 'വാഹന രഹിത ദിനം' ആചരിക്കണം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനവ്യൂഹങ്ങളില്‍ നിന്ന് അനാവശ്യ വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
ഇന്ധന പ്രതിസന്ധി കണക്കിലെടുത്ത് 'വര്‍ക്ക് ഫ്രം ഹോം' സംസ്കാരത്തിന് മുന്‍ഗണന നല്കാന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മെട്രോ സേവനങ്ങളും കെഎസ്ആര്‍ടിസി ബസ്സുകളും ഉള്‍പ്പെടെയുള്ള പൊതുഗതാഗതം ഉപയോഗിക്കാന്‍ അദ്ദേഹം ജനങ്ങളെ പ്രേരിപ്പിച്ചു. സ്വര്‍ണ്ണത്തിന്റെ അനാവശ്യ വാങ്ങലുകള്‍ ഒഴിവാക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വ്യാപാരികളുടെയും ജ്വല്ലറി അസോസിയേഷനുകളുടെയും ആശങ്കകള്‍ പരിഹരിക്കാന്‍ പ്രാദേശിക ഭരണകൂടം യോഗങ്ങള്‍ വിളിക്കണം.
ഐടി മേഖലയിലെയും പ്രമുഖ സ്റ്റാര്‍ട്ടപ്പുകളിലെയും ജീവനക്കാര്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം നല്‍കുന്നത് സംബന്ധിച്ച് സംസ്ഥാന തലത്തിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ വ്യവസായ വികസന അതോറിറ്റിയോട് നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ യോഗങ്ങള്‍, സെമിനാറുകള്‍, വര്‍ക്ക്ഷോപ്പുകള്‍ എന്നിവ ഇന്ധനം ലാഭിക്കുന്നതിനായി ഓണ്‍ലൈനായി നടത്തണം.
ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗുകള് രാജ്യത്തിനകത്ത് തന്നെ സംഘടിപ്പിക്കാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. യുപിയിലെ പൈതൃക കേന്ദ്രങ്ങളും കോട്ടകളും ഇതിനായി ഉപയോഗപ്പെടുത്താം. ഇതിന്റെ ഭാഗമായി 'വിസിറ്റ് മൈ സ്റ്റേറ്റ്' ക്യാമ്പയിന് ആരംഭിക്കാനും ആഹ്വാനമുണ്ട്.






