
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ്താരം വിരാട്കോഹ്ലിയെക്കുറിച്ച് മോശമായി സംസാരിക്കാന്‍ ചില മാധ്യമപ്രവര്‍ത്തകര്‍ തനിക്ക് പണം വാഗ്ദാനം ചെയ്തതായി ആരോപണവുമായി ജര്മ്മന്മോഡല് ലിസ്ലാസ്. വിരാട് കോഹ്ലിയെക്കുറിച്ച് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ആവശ്യപ്പെട്ട് പല സോഷ്യല്‍ മീഡിയ ചാനലുകളും തന്നെ സമീപിച്ചതായി അവര്‍ പറഞ്ഞു. ലിസ്ലാസിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ലൈക്ക് ചെയ്തത് ഇന്ത്യയില്‍ വലിയ വാര്‍ത്തയായിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ലിസ് ലാസിനെ സമീപിച്ചത്.
ഫിലിമി മന്ത്രയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ലിസ്ലാസ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 'അദ്ദേഹത്തെക്കുറിച്ച് (വിരാട് കോഹ്ലി) മോശമായ കാര്യങ്ങള്‍ പറയുന്നതിനും അദ്ദേഹം ഒരിക്കലും ഉന്നയിക്കാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനും ചില മാധ്യമപ്രവര്‍ത്തകര്‍ എനിക്ക് പണം വാഗ്ദാനം ചെയ്തു. പക്ഷേ ഞാന്‍ എന്തിന് അങ്ങനെ ചെയ്യണം?' ലിസ്ലാസ് ചോദിച്ചു. ഈ വിവാദങ്ങള്‍ക്ക് പിന്നാലെ, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ജേഴ്സി ധരിച്ചുള്ള ചിത്രങ്ങള്‍ ലിസ്ലാസ് പങ്കുവെക്കുകയും ടീമിന് പിന്തുണ അറിയിക്കുകയും ചെയ്തു.
കോഹ്ലിയുടെ ലൈക്കിനെത്തുടര്ന്ന് ലഭിച്ച ശ്രദ്ധ തന്നെ അത്ഭുതപ്പെടുത്തിയെന്നും അല്പം വികാരാധീനയായെന്നും അവര്‍ പറഞ്ഞു. 'എനിക്ക് അതില്‍ വലിയ സന്തോഷം തോന്നി, പക്ഷേ ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.' അവര്‍ കൂട്ടിച്ചേര്‍ത്തു. കോഹ്ലിയെക്കുറിച്ച് നെഗറ്റീവ് കാര്യങ്ങള്‍ പറയാന്‍ ആളുകള്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങിയതോടെ അസ്വസ്ഥതയുണ്ടാക്കിയെന്ന് ലിസ്ലാസ് വെളിപ്പെടുത്തി. 'പണത്തിനുവേണ്ടി ഞാന്‍ എന്തിന് അദ്ദേഹത്തെക്കുറിച്ച് മോശമായി പറയണം? ഞാന്‍ അങ്ങനെയുള്ള ഒരാളല്ല,' അവര്‍ പറഞ്ഞു.
2026 ഐപിഎല്ലില്‍ വിരാട് കോഹ്ലിയുടെ പ്രകടനം ഏറ്റക്കുറച്ചിലുകള്‍ നിറഞ്ഞതാണ്. 11 മത്സരങ്ങളില്‍ നിന്ന് 379 റണ്‍സ് നേടിയെങ്കിലും അവസാന രണ്ട് മത്സരങ്ങളില്‍ അദ്ദേഹം പൂജ്യത്തിന് പുറത്തായി. പ്ലേഓഫ് അടുത്തിരിക്കെ കോഹ്ലിയുടെ ഫോമിലുണ്ടായ ഇടിവ് ആര്‍സിബിക്ക് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 11 മത്സരങ്ങളില്‍ ഏഴെണ്ണത്തിലും ജയിച്ച ആര്‍സിബി പ്ലേഓഫില്‍ കടക്കുമെന്ന് ഉറപ്പായിട്ടുണ്ട്. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തി ക്വാളിഫയര്‍ 1 കളിക്കാനാണ് ടീം ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഇതിനായി ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ഒന്നോ രണ്ടോ ജയം അവര്‍ക്ക് ആവശ്യമാണ്.






