
മങ്കട: മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റു സുഹൃത്തുക്കളായ നാലു വിദ്യാര്‍ഥികള്‍ മരിച്ചു. മൂന്നുപേര്‍ക്കു പരുക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ചിനു മങ്കട വെള്ളില നമ്പൂരിക്കാട് ചാലന്തപ്പാറ വ്യൂ പോയിന്റിലായിരുന്നു ദുരന്തം.
വെള്ളില പുതുകൂടി മലയില്‍ അലിയുടെ മകന് റഹീസ് (20), കൂരിമണ്ണില്‍ പുത്തന്‍ വീട്ടില്‍ മലയില്‍ സൈതലവിയുടെ മകന് ബഹാസ് (18), ആലിക്കാ പറമ്പില്‍ അസീസിന്റെ മകന് മുഹമ്മദ് സിയാദ് (18), കറുത്താന്‍ കുത്തില്‍ നിസാറിന്റെ മകന് ഫഹദ് (22) എന്നിവരാണു മരിച്ചത്. വെള്ളില മലയില്‍ മുഷ്താഖിന്റെ മകന് ഇഷ്ഹാത് (16), മരിച്ച റഹീസിന്റെ സഹോദരന് സല്‍മാനുല്‍ ഫാരിസ് (21), വെള്ളില മലയില്‍ നിസാറിന്റെ മകന് റോഷന് (20) എന്നിവര്‍ക്കു പരുക്കേറ്റു.
കാറ്റ് കൊള്ളാനും സംസാരിച്ചിരിക്കാനുമാണ് ഏഴംഗ സംഘം വ്യൂ പോയിന്റില്‍ എത്തിയത്. പ്രദേശവാസികള്‍ സ്ഥിരമായി പോവുന്ന ഇടമാണിത്. ഇന്നലെ വൈകിട്ട് അപ്രതീക്ഷിതമായി ശക്തമായ മഴയും കാറ്റുമുണ്ടായി. തുടര്‍ച്ചയായ മിന്നലും അനുഭവപ്പെട്ടു. മിന്നലേറ്റു കുഴഞ്ഞ് വീണ വിദ്യാര്‍ഥികളെ ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേര്‍ അപ്പോഴേക്കും മരിച്ചിരുന്നു.
ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷമാണു രണ്ടുപേര്‍ മരിച്ചത്. ആറുപേരെയാണ് ആദ്യം ആശുപത്രിയില്‍ എത്തിച്ചത്. ഒരാള്‍ കൂടിയുണ്ടെന്ന് പരുക്കേറ്റ വിദ്യാര്‍ഥികള്‍ അറിയിച്ചതോടെ വീണ്ടും തെരച്ചില്‍ നടത്തി. തുടര്‍ന്ന്, വ്യൂ പോയിന്റിന് താഴെയുള്ള പാറയിടുക്കില്‍നിന്ന് ഒരാളെക്കൂടി കണ്ടെത്തി ആശുപത്രിയിലെത്തിച്ചു. അപകടത്തില്‍പ്പെട്ടവരെല്ലാം അയല്‍വാസികളും അടുത്ത സുഹൃത്തുക്കളുമാണ്.
പരുക്കേറ്റ ഇഷ്ഹാതും സല്‍മാനുല്‍ ഫാരിസും പെരിന്തല്‍മണ്ണ ഇ.എം.എസ്. ആശുപത്രിയിലും റോഷന് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മരിച്ച ഫഹദിന്റെ സഹോദരനാണ് റോഷന്. ബഹാസ് മലപ്പുറം ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥി. മുഹമ്മദ് സിയാദ് ജി.വി.എച്ച്.എസ്.എസ്. മങ്കടയില്‍നിന്നും 10-ാം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു. ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് റഹീസ്.
രാത്രിയോടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വെള്ളില ടസ്കര്‍ ഓഡിറ്റോയത്തില്‍ പൊതുദര്‍ശനം. ഖബറടക്കം ഇന്ന് മലയില്‍ റഹ്മാനിയ ജുമമാസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും.






