
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതികളായ ഗണ്മാന്മാര് ക്കെതിരേ വീണ്ടും നടപടി സാധ്യത ശക്തമാകുന്നു. സര്‍വീസ് ചട്ടലംഘനം അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാനുള്ള നീക്കങ്ങള്‍ സജീവമാണെന്നാണ് സൂചന.
മര്‍ദനമേറ്റവരില്‍ ഒരാളായിരുന്ന എ.ഡി. തോമസ് ആലപ്പുഴയില്‍നിന്നുള്ള നിയുക്ത എം.എല്‍.എയാണ്. കേസില്‍ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഉടന്‍ ഔദ്യോഗിക പരാതി നല്‍കും. ഇതോടെ കേസില്‍ തുടരന്വേഷണത്തിന് വഴിയൊരുങ്ങും. നവകേരള ബസിന് നേരെ കരി ങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷനില്‍നിന്ന് പോലീസ് നീക്കുന്നതിനിടെയായിരുന്നു വിവാദമായ സംഭവം. മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനത്തില്‍ ഉണ്ടായിരുന്ന ഗണ്‍മാനും പോലീസുകാരനും വാഹനത്തില്‍ നിന്ന് വടിയുമായി പുറത്തിറങ്ങി പ്രതിഷേധക്കാരെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് വലിയ പ്രതിഷേധത്തിനിടയാക്കി.
മുഖ്യമന്ത്രിക്കൊപ്പം സുരക്ഷാ ചുമതലയില്‍ സഞ്ചരിക്കേണ്ട ഗണ്മാന്, അകമ്പടി വാഹനത്തില്‍ സൂക്ഷിച്ചിരുന്ന വടിയുമായി റോഡിലിറങ്ങി പ്രതിഷേധക്കാരെ നേരിട്ടത് സര്‍വീസ് ചട്ടങ്ങളുടെ ഗുരുതര ലംഘനമാണെന്ന വിമര്‍ശനവും ശക്തമായി. സംഭവം വിവാദമായപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന് ഗണ്മാന്മാരുടെ നടപടിയെ ന്യായീകരിച്ചതും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പിന്നാലെ കണ്ണൂരിലും മുഖ്യമന്ത്രിയുടെ ബസിന് നേരെ പ്രതിഷേധം ഉണ്ടായപ്പോള്‍ സമാന രീതിയില്‍ ഗണ്മാന്മാര് രംഗത്തുണ്ടായതും വിമര്‍ശനങ്ങള്‍ക്ക് കാരണമായി. സുരക്ഷാ ചുമതല നിര്‍വഹിക്കേണ്ട ഉദ്യോഗസ്ഥര്‍ പ്രതിഷേധം നേരിടാന്‍ നേരിട്ട് ഇറങ്ങിയതും പ്രതിഷേധക്കാരെ ആക്രമിച്ചതുമാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.






