
ആലുവ: വാടകക്കുടിശിക അധികരിച്ചതോടെ ബിഗ്ബോസ് താരം ജിന്റോയുടെ ജിം ലേലത്തിന് വെച്ച് നഗരസഭ. ഇതിലൂടെ ആറുലക്ഷം രൂപയോളം ലഭിച്ചു. വാടകക്കുടിശിക ലക്ഷങ്ങളായി കൂടിയതോടെയാണ് ജിം ലേലത്തിന് വെച്ചത്. വാടക കുടിശ്ശിക 16 ലക്ഷത്തോളം ആയതിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍ ലേലത്തില്‍ ആകെ 6.15 ലക്ഷം മാത്രമാണ് നഗരസഭയ്ക്ക് ലഭിച്ചത്. 6.14 ലക്ഷമായിരുന്നു അടിസ്ഥാന ലേല.
ആലുവയില്‍ പ്രവര്‍ത്തിക്കുന്ന 'ബോഡി ക്രാഫ്റ്റ് മള്‍ട്ടി ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ക്ലബ്' ആണ് ലേലത്തിന് വെച്ചത്. നഗരസഭയുടെ ക്ലോക്ക് ടവറിലാണ് ജിം പ്രവര്‍ത്തിച്ചിരുന്നത്. 2017 ലാണ് ജിം തുടങ്ങിയത്. 2,000 ചതുരശ്രയടിയാണ് വിസ്തീര്‍ണ്ണം. 2021 ന് ശേഷം വാടക നല്‍കിയിരുന്നില്ല. മൂന്ന് മാസം മുന്‍പ് നഗരസഭ നോട്ടീസ് നല്കി ജിം സീല്‍ ചെയ്തിരുന്നു.
സെലിബ്രേറ്റി ഫിറ്റ്നസ് ട്രെയിനര്‍ എന്ന തരത്തിലാണ് ജിന്റോ അറിയപ്പെടുന്നത്. ആലുവയില്‍ ലക്ഷങ്ങളുടെ വാടക കുടിശ്ശിക നിലനില്‍ക്കേയാണ് ഇയാള്‍ മറ്റിടങ്ങളിലും ജിമ്മിന്റെ ബ്രാഞ്ചുകള്‍ തുടങ്ങിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ ബോഡി ബില്‍ഡിങ് സെന്ററില്‍ മോഷണം നടത്തിയതിന് ജിന്റോയ്ക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു.






