
മാതൃദിനത്തില്‍ തന്റെ അമ്മയെക്കുറിച്ച് നടി മഞ്ജു പത്രോസ് കുറിച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. അമ്മയോടുളള തന്റെ സ്നേഹവും കഴിഞ്ഞ കാലത്തെക്കുറിച്ചുളള കുറ്റബോധവും പങ്കുവെക്കുന്നതായിരുന്നു മഞ്ജുവിന്റെ വാക്കുകള്‍. അമ്മയില്ലാത്ത ഒരു ലോകത്ത് ജീവിക്കാന്‍ പേടിയാണെന്നും താരം പറയുന്നു.
എന്റെ പ്രിയപ്പെട്ട അമ്മച്ചിക്ക്, ജീവിതം 44 ാം വയസ്സില്‍ എത്തി നില്‍ക്കുമ്പോഴാണ് ഞാന്‍ നിങ്ങള്‍ കൊണ്ട വെയിലിനെയും ഒഴുക്കിയ വിയര്‍പ്പിനെയും ഉളളിലൊതുക്കിയ ആവലാതികളെയും കുറിച്ച് അറിയുന്നത്. എന്റെ ഇന്നലേകളില്‍ ഞാന്‍ ഒരുപാട് ഒച്ച ഉയര്‍ത്തി സംസാരിച്ചിട്ടുണ്ട്. വഴക്കുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. നന്ദികേട് കാണിച്ചിട്ടുണ്ട്. ഒരു മാപ്പ് പോലും ഞാന്‍ ചോദിച്ചില്ല.
അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നിയിട്ടില്ല. കാരണം മാപ്പിനും അപ്പുറം എന്റെ അമ്മ എന്നെ സ്നേഹിക്കും. ആ ഉറപ്പ് എനിക്ക് നിങ്ങളില്‍ തോന്നിയിട്ടുണ്ട്. ഒരിക്കലും അമ്മച്ചി ഭയപ്പെടരുത്. ആരും ഇല്ലാതായി പോകുമെന്ന് പേടിക്കരുത്. നിങ്ങള്‍ക്ക് ഞങ്ങളുണ്ട്. നിങ്ങള്‍ പ്രസവിച്ച് മുലയൂട്ടി വളര്‍ത്തിയ രണ്ട് മക്കള്‍. ഞങ്ങള്‍ ഇല്ലാതായാലേ നിങ്ങള്‍ ഈ ഭൂമിയില്‍ ഒറ്റക്കാവൂ. എനിക്ക് എവിടെ ജീവിക്കാനും പേടിയില്ല. പക്ഷേ എന്റെ അമ്മയില്ലാത്തിടത്ത് അങ്ങനെ ഒരു ലോകത്ത് ജീവിക്കാന്‍ പേടിയാണ് -മഞ്ജു പത്രോസ് കുറിച്ചു.
ടെലിവിഷന്‍ പ്രോഗ്രാമിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. ലോഹിതദാസ് സംവിധാനം ചെയ്ത ചക്രം സിനിമയിലാണ് മഞ്ജു ആദ്യമായി അഭിനയിക്കുന്നത്. മഴവില്‍ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധനേടി. അളിയന്‍സ് വേഴ്സസ് അളിയന് എന്ന പരമ്പരയിലെ തങ്കം എന്ന കഥാപാത്രത്തിന്റെ അഭിനയത്തിനു കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.






