
ബംഗളൂരു: കന്നഡ നടനും നിര്‍മാതാവുമായ ദിലീപ് രാജ് ( 47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് നടന്റെ കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
24ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. യു- ടേണ്‍, ബോയ്ഫ്രണ്ട് തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളിലെത്തി. ഡിആര്‍ ക്രിയേഷന്‍സ് എന്ന ബാനറില്‍ നിരവധി ടെലിവിഷന്‍ പരമ്പരകളും നിര്‍മിച്ചിട്ടുണ്ട്. സീ കന്നഡയില്‍ സംപ്രേഷണം ചെയ്ത ജനപ്രിയ സീരിയലായ ഹിറ്റ്ലര്‍ കല്യാണിയിലെ നായക വേഷത്തിലൂടെയാണ് ദിലീപ് തിളങ്ങിയത്. ജനനി, അര്‍ധ സത്യ, രംഗോലി, കുംകുമ ഭാഗ്യ, മാംഗല്യ, മലേബില്ല, പ്രീതിഗാഗി, രഥസപ്തമി തുടങ്ങി നിരവധി ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്.
അഭിനയത്തിനും നിര്‍മാണത്തിനും പുറമേ, ദിലീപ് നാടകരംഗത്തും ഡബ്ബിങ് മേഖലയിലും സജീവമായിരുന്നു. കമ്പട മാനെ എന്ന ടെലി ഫിലിമിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ യാത്ര ആരംഭിച്ചത്. പുനീത് രാജ്കുമാര് പ്രധാന വേഷത്തിലെത്തി 2007ല്‍ പുറത്തിറങ്ങിയ ' മിലാന' എന്ന ചിത്രത്തിലൂടെയാണ് ദിലീപ് ശ്രദ്ധേയനാകുന്നത്.






