
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ വിജയ് തന്റെ ജ്യോത്സ്യനായ രാധന്‍ പണ്ഡിറ്റിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആയി നിയമിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഇതൊരു രാഷ്ട്രീയ നിയമനമായതിനാല്‍, ശമ്പളം സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സര്‍ക്കാര്‍ ഇതുവരെ പുറത്തിറക്കിയിട്ടില്ല. എന്നാല്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് തുല്യമായ ആനുകൂല്യങ്ങളാണ് തന്റെ ജ്യോതിഷിക്ക് നല്കിയ ജോലിക്ക് സര്‍ക്കാര്‍ നല്‍കുക.
അടിസ്ഥാന ശമ്പളം പ്രതിമാസം 80,000 മുതല്‍ 1.5 ലക്ഷം വരെ ആണെന്നാണ് വിവരം. ഇതിന് പുറമെ ക്ഷാമബത്ത, സര്‍ക്കാര്‍ വാഹനം, വീട്ടുവാടക അലവന്‍സ് അല്ലെങ്കില്‍ ഔദ്യോഗിക വസതി, മെഡിക്കല്‍ ആനുകൂല്യങ്ങള്‍ എന്നിവയും ലഭിക്കും.
രാധന്‍ പണ്ഡിറ്റിന്റെ തസ്തികയ്ക്ക് വിപുലമായ അധികാരങ്ങളുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസും രാഷ്ട്രീയ മേഖലയും തമ്മിലുള്ള ഒരു പാലമായിട്ടാണ് ഈ പദവി പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍, സഖ്യകക്ഷികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുജനങ്ങള്‍ എന്നിവരുമായുള്ള ആശയവിനിമയം നിയന്ത്രിക്കുക. മുഖ്യമന്ത്രിക്ക് ഭരണപരവും രാഷ്ട്രീയവുമായ കാര്യങ്ങളില്‍ ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുക. ടിവികെ പാര്‍ട്ടിയുടെ വക്താവ് കൂടിയായ രാധന്‍ പണ്ഡിറ്റ്, വിജയ്യുടെ രാഷ്ട്രീയ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയാണ്.
2026-ലെ വിജയ്യുടെ തെരഞ്ഞെടുപ്പ് വിജയം മുന്‍കൂട്ടി പ്രവചിച്ചതും ഇദ്ദേഹമാണ്. അതേസമയം പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഒരു ജ്യോത്സ്യന് ശമ്പളം നല്‍കുന്നതിനെതിരെ പ്രതിപക്ഷവും സഖ്യകക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. ജ്യോത്സ്യന്മാരാണോ ഇനി നിയമസഭയ്ക്ക് പകരം കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്ന് ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളങ്കോവന് പരിഹസിച്ചു. ശാസ്ത്രീയ അവബോധത്തിന് വിരുദ്ധമാണ് ഈ നടപടിയെന്ന് അദ്ദേഹം ആരോപിച്ചു. ജ്യോത്സ്യനെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ സര്‍ക്കാര്‍ പദവി നല്‍കുന്നത് യുവാക്കള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രേമലത വിജയകാന്ത് പറഞ്ഞു.
വിജയ്യുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസിലെ ശശികാന്ത് സെന്തില്‍, ജ്യോതിമണി തുടങ്ങിയവരും ഈ നിയമനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു. തമിഴ്നാട് നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിനിടെ, പ്രേമലത വിജയകാന്തിന്റെ വിമര്‍ശനം ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി വിജയ് മറുപടി നല്കിയി രുന്നു. മുന്‍ മുഖ്യമന്ത്രി ജയലളിതയുമായും രാധന്‍ പണ്ഡിറ്റ് ദീര്‍ഘകാലം സഹകരിച്ചിട്ടുണ്ട്.






