
മാതൃദിനത്തിന് തൊട്ടുപിന്നാലെ കുടംബത്തോടൊപ്പമുളള മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് താരം ഹൃത്വിക് റോഷന്. കാമുകി സബ ആസാദ്, മതാപിതാക്കളായ രാകേഷ് റോഷന്, പിങ്കി റോഷന് എന്നിവര്‍ക്കൊപ്പം നടത്തിയ വിനോദയാത്രയുടെ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
ഫ്രാന്‍സിലെ ഒരു മരത്തിന് മുന്നിലുളള ചിത്രങ്ങള്‍ പങ്കുവെച്ച് ഹൃത്വിക് കുറിച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
‘ഫ്രാന്‍സില്‍ നിന്ന് ഈ മരം കണ്ടെത്തി, ഇതിനെ ombre de maman' എന്ന് വിളിക്കുന്നു. ഇതിന്റെ എകദേശ അര്‍ഥം അമ്മയുടെ തണല്‍ എന്നാണ്. ഏവര്‍ക്കും മാതൃദിനാശംസകള്‍. നമ്മുടെയെല്ലാം പിന്നിലെ തണലിനും കരുത്തിനും സ്നേഹത്തിനും’ ഹൃത്വിക് കുറിച്ചു.
ഫ്രഞ്ചുകാര്‍ എന്നെ പിടിക്കാന്‍ വരുന്നതിനു മുന്‍പേ പറയട്ടെ, അതെ ഞാന്‍ തമാശ പറഞ്ഞതാണ്. ഞങ്ങള്‍ വെറുമൊരു മരങ്ങളെ സ്നേഹിക്കുന്ന ക്രേസി കുടുംബമാണ് എന്നും താരം കൂട്ടിച്ചേര്‍ത്തു.
യാത്രയ്ക്കിടയിലെ റോഷന് കുടുംബത്തിന്റെ ഫാഷന്‍ ചോയിസുകളും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ബ്ലാക്ക് ജാക്കറ്റും ബീനിയും ധരിച്ച് ഹൃത്വിക് എത്തിയപ്പോള്‍, റെട്രോ സ്റ്റൈലിലുളള വസ്ത്രധാരണമായിരുന്നു സബ ആസാദിന്റേത്. പിങ്കി റോഷനും രാകേഷ് റോഷനും കറുപ്പും വെളുപ്പും കോമ്പിനേഷനിലുളള വസ്ത്രങ്ങളില്‍ സ്റ്റെലിഷ് ലുക്കിലായിരുന്നു ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
അതേസമയം 2025 ഓഗസ്റ്റില്‍ പുറത്തിറങ്ങിയ വാര് 2 ആണ് ഹൃത്വിക്കിന്റേതായി ഏറ്റവും ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. നിലവില്‍ തന്റെ കരിയറിലെ ഏറ്റവും വലിയ ചുവടുവെപ്പിന് ഒരുങ്ങുകയാണ് ഹൃത്വിക് . 2027 ല്‍ പുറത്തിറങ്ങുന്ന 'ക്രിഷ് 4' ലൂടെ അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിക്കും.






