
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ അസാധാരണമായ താമസം നേരിടുന്നതിനെതിരെ വ്യാപക പ്രതിഷേധം. വിജയത്തിൽ നന്ദിപറയാൻ പോലും നേതാക്കൾക്ക് ജനങ്ങളെ കാണാൻ കഴിയാത്ത അവസ്ഥയിലെത്തിയിരിക്കുന്നു. അതിനിടെ, രാഹുലിനും പ്രിയങ്കയ്ക്കും എതിരെ വയനാട്ടിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബെന്നി ബഹനാൻ എംപിയെ ഒരു കൂട്ടം കോൺഗ്രസ് പ്രവർത്തകർ വളഞ്ഞത് നേതാക്കളുടെ നിസ്സഹായാവസ്ഥയ്ക്ക് ഉദാഹരണമായി. വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ച പ്രവർത്തകർ വിഷയത്തിൽ നേതാവിന്റെ നിലപാട് ചോദിച്ചറിയുകയും ചെയ്തു. ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കുമെന്ന് എംപി പറഞ്ഞുവെങ്കിലും പ്രവർത്തകർക്ക് തൃപ്തിയായിരുന്നില്ല.
അതേസമയം, രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ വയനാട് ഡിസിസി ഓഫീസിനു സമീപവും പ്രിയങ്കയുടെ ഓഫീസിനു മുന്നിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കെസി വേണുഗോപാലിനെ പിന്തുണയ്ക്കരുതെന്നും അങ്ങനെ സംഭവിച്ചാൽ, ജനങ്ങൾ മാപ്പ് നൽകില്ല എന്നും വയനാട് അടുത്ത അമേഠി ആകുമെന്നായിരുന്നു പോസ്റ്ററുകളിൽ ഉണ്ടായിരുന്ന മുന്നറിയിപ്പ്.






