
സിനിമ പോലെ തന്നെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ആത്മീയ ജീവിതവും ആരാധര്‍ക്കിടയില്‍ ശ്രദ്ധേയമാണ്. ഇപ്പോഴിതാ തന്റെ അഹങ്കാരം തകര്‍ത്തുകളഞ്ഞ ഒരു സംഭവത്തെക്കുറിച്ച് പറയുകയാണ് താരം.
ബംഗളൂരില്‍ ശ്രീ ശ്രീ രവിശങ്കറിന്റെ 70-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് രസകരമായ സംഭവം രജനികാന്ത് ഓര്‍ത്തെടുത്തത്. ആര്‍ട്ട് ഓഫ് ലിവിങ് ആശ്രമത്തിലെ ശാന്തമായ അന്തരീക്ഷം തനിക്ക് എത്ര മാത്രം ഇഷ്ടപ്പെട്ടിരുന്നുവെന്നും രജനികാന്ത് പിടിഐയോട് പങ്കുവെച്ചു.
"ഈ ആശ്രമത്തിൽ താമസിക്കുന്നത് എനിക്ക് ശരിക്കും ഇഷ്ടമാണ്... അവിടെ പച്ചപ്പും തടാകങ്ങളും പശുക്കളും കുറേ മൃഗങ്ങളുമൊക്കെയുണ്ട്. മാത്രമല്ല, അവരെല്ലാവരും എപ്പോഴും പുഞ്ചിരിച്ചു കൊണ്ടിരിക്കുകയാണ്.”- രജനികാന്ത് പറഞ്ഞു. "രണ്ട് ദിവസം അവിടെ താമസിക്കാനായിരുന്നു ഞാൻ ആദ്യം പ്ലാൻ ചെയ്തത്.
പക്ഷേ, അവിടുത്തെ ശാന്തമായ അന്തരീക്ഷം കാരണം 15 ദിവസം ഞാനവിടെ തങ്ങി. ഹിമാലയം സന്ദർശിച്ചതിന് ശേഷം മറ്റെവിടെയും ലഭിക്കാത്തത്ര ആശ്വാസം ഈ സ്ഥലം തനിക്ക് നൽകിയെന്ന്" താരം പറഞ്ഞു. തന്റെ അഹങ്കാരം തകർന്നു പോയ ഒരു നിമിഷത്തെക്കുറിച്ചും അദ്ദേഹം പങ്കുവച്ചു. ആയിരക്കണക്കിന് ഭക്തർ പങ്കെടുത്ത ഒരു ദർശനത്തിനായി ഗുരുദേവനോടൊപ്പം പോയത് അദ്ദേഹം ഓർത്തെടുത്തു.
"എന്റെ അടുത്തേക്ക് ഒരുപാട് ആളുകൾ വരുമെന്ന് ഞാൻ കരുതി... അവിടെ ഒരുപാട് തമിഴരും ഉണ്ടായിരുന്നു. സത്യം പറയാലോ, ഒരാൾ പോലും എന്നെ നോക്കിയില്ല. ഞാൻ കൈവീശി കാണിച്ചു, പക്ഷേ ആരും എന്നെ കണ്ടില്ല. ഞാൻ നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്, പക്ഷേ ഇത് എന്റെ അഹങ്കാരത്തെ തകർത്തു".- രജനികാന്ത് പറഞ്ഞു.
ഈ അനുഭവം തന്റെ ചിന്താഗതിയെ പൂർണമായും മാറ്റിമറിച്ചുവെന്ന് രജനികാന്ത് പറഞ്ഞു. "ആ സംഭവം എന്റെ മനസ്സിനെ അസ്വസ്ഥമാക്കി... പക്ഷേ ആ ദിവസം എനിക്ക് ആത്മീയതയുടെ ശക്തി എന്താണെന്ന് മനസ്സിലായി. താരപദവി വരും പോകും."






