അഹമ്മദാബാദ്: രാജ്യാന്തര ബാസ്കറ്റ്ബോള്‍ ഫെഡറേഷ (ഫിബ) ന്റെ അണ്ടര്‍-18 ഏഷ്യാ കപ്പ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഓഗസ്റ്റ് 13 മുതല്‍ 23 വരെ ഗുജറാത്തിലെ അഹമ്മദാബാദാണ് വേദിയാകുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ യുവജന ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് ഇന്ത്യ വേദിയാകുന്നത് ഇതു മൂന്നാം തവണയാണ്. 1998-ല്‍ കൊല്‍ക്കത്തയിലും 2004-ല്‍ ബംഗളുരുവിലുമാണ് മുമ്പ് ഇന്ത്യയില്‍ ടൂര്‍ണമെന്റ് അരങ്ങേറിയത്. ഈ രണ്ട് ടൂര്‍ണമെന്റുകളും ചരിത്രപരമായ നേട്ടങ്ങള്‍ക്കു സാക്ഷ്യം വഹിച്ചിരുന്നു. ചൈനീസ് ബാസ്കറ്റ്ബോള്‍ ഇതിഹാസം യാവോ മിങ്ങിന്റെ രാജ്യാന്തര അരങ്ങേറ്റം കൊല്‍ക്കത്തയിലും ഇറാന്റെ 'ടീം മെല്ലി' കിരീടം നേടി ഏഷ്യന്‍ ബാസ്കറ്റ്ബോളിലെ വന്ശക്തികളായത് ബംഗളുരുവിലുമായിരുന്നു.
നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ, റണ്ണേഴ്സ്-അപ്പായ ന്യൂസിലാന്‍ഡ് ഉള്‍പ്പെടെ 16 രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ഏപ്രിലില്‍ നടന്ന സെന്‍ട്രല്‍ ഏഷ്യന്‍ ബാസ്കറ്റ്ബോള്‍ അസോസിയേഷന് ചാമ്പ്യന്‍ഷിപ്പ് ജയിച്ച് കസഖ്സ്ഥാന്‍ ഇതിനകം തന്നെ യോഗ്യത നേടിയിട്ടുണ്ട്.






