ന്യൂഡല്‍ഹി: വിദേശ പരിശീലകരിലുള്ള ഹോക്കി ഇന്ത്യയുടെ അമിതവിശ്വാസത്തെ ചോദ്യം ചെയ്തു രംഗത്തെത്തിയ മുന്‍ ദേശീയ ടീം ഗോള്‍കീപ്പറും മലയാളിയുമായ പി.ആര്. ശ്രീജേഷിനു മറുപടിയുമായി ഹോക്കി ഇന്ത്യ ഫെഡറേഷന്. ജൂനിയര്‍ പുരുഷ ടീം പരിശീലകനായുള്ള ശ്രീജേഷിന്റെ കരാര്‍ അവസാനിച്ചതാണെന്നും അദ്ദേഹത്തെ പുറത്താക്കിയതല്ലെന്നും ഫെഡറേഷന് വ്യക്തമാക്കി.
അഞ്ചു ടൂര്‍ണമെന്റുകളില്‍ നിന്നായി അഞ്ച് മെഡലുകള്‍ നേടിയിട്ടും തന്നെ മാറ്റിനിര്‍ത്തിയെന്നും വിദേശ പരിശീലകന് വഴിമാറാനാണ് ആവശ്യപ്പെട്ടതെന്നും ശ്രീജേഷ് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചിരുന്നു. ഇന്ത്യന്‍ പരിശീലകര്‍ക്ക് ഇന്ത്യന്‍ ഹോക്കിയെ വികസിപ്പിക്കാന്‍ കഴിയില്ലേയെന്നും ശ്രീജേഷ് ആരാഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ഹോക്കി ഇന്ത്യയുടെ പ്രതികരണം. ശ്രീജേഷിന്റെ പരിശീലകനായുള്ള കാലാവധി കരാര്‍ പ്രകാരം 2025 ഡിസംബറില്‍ അവസാനിച്ചു. ചട്ടപ്രകാരം അപേക്ഷ ക്ഷണിച്ച് യോഗ്യതയുടെ അടിസ്ഥാനത്തില്‍ പുതിയ പരിശീലകനെ ഉടന്‍ കണ്ടെത്തും. 2028-ലെ ഒളിമ്പിക്സും 2036-ലെ ഒളിമ്പിക്സ് ലക്ഷ്യവും മുന്‍നിര്‍ത്തി ഇന്ത്യയുടെ ഭാവി ടീമിനെ പരിശീലിപ്പിക്കാനുള്ള ചുമതല ശ്രീജേഷിന് വാഗ്ദാനം ചെയ്തിരുന്നു. പരിശീലകന് എന്ന നിലയില്‍ കൂടുതല്‍ അനുഭവപരിചയം പ്രദാനം ചെയ്യുന്ന പദവി സ്വീകരിക്കാന്‍ പക്ഷേ, ശ്രീജേഷ് തയാറായില്ല. സീനിയര്‍ ടീം പരിശീലകന് ക്രെയ്ഗ് ഫുള്‍ട്ടണ്‍ വിദേശ ജൂനിയര്‍ പരിശീലകനെ ആവശ്യപ്പെട്ടെന്ന വാദവും ഫെഡറേഷന് നിരാകരിച്ചു.





