ബാങ്കോക്ക്: തായ്ലന്ഡ് ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷകളായ പി.വി. സിന്ധു, ലക്ഷ്യ സെന്‍, കിഡംബി ശ്രീകാന്ത് എന്നിവര്‍ പ്രീ ക്വാര്‍ട്ടറില്‍. വനിതാ സിംഗിള്‍സില്‍ മാളവിക ബന്‍സോദും യുവതാരം ദേവികാ സിഹാഗും രണ്ടാം റൗണ്ടില്‍ കടന്നു. അതേസമയം, പുരുഷ സിംഗിള്‍സില്‍ ഏഷ്യ ചാമ്പ്യന്‍ഷിപ് വെള്ളിമെഡല്‍ ജേതാവ് ആയുഷ് ഷെട്ടി ആദ്യ റൗണ്ടില്‍ പുറത്തായി.
രണ്ടുവട്ടം ഒളിമ്പിക് മെഡല്‍ ജേതാവും ആറാം സീഡുമായ പി.വി. സിന്ധു ചൈനീസ് തായ്പേയിയുടെ തുങ് സിയേ തോങ്ങിനെ തോല്‍പ്പിച്ചാണ് അവസാന 16-ല്‍ കടന്നത്. 33 മിനിറ്റ് നീണ്ട രണ്ടാം റൗണ്ട് പോരാട്ടത്തില്‍ 21-9, 21-12 എന്ന സ്കോറിനാണ് സിന്ധുവിന്റെ ജയം. ഡെന്മാര്ക്കിന്റെ ലോക 41-ാം നമ്പര്‍ അമേലിയ ഷൂള്‍സാണ് അടുത്തറൗണ്ടില്‍ സിന്ധുവിന്റെ എതിരാളി. ഇന്നു രാവിലെ എട്ടരയ്ക്കാണു മത്സരം. 2024-ല്‍ സയിദ് മോദി ഇന്റര്‍നാഷണലില്‍ ജേതാവായശേഷം ആദ്യകിരീടമാണ് സിന്ധു ലക്ഷ്യമിടുന്നത്.
പുരുഷസിംഗിള്‍സില്‍ ലോക 11-ാം നമ്പര്‍ ലക്ഷ്യ സെന്‍ തകര്‍പ്പന്‍ ജയവുമായി അടുത്ത റൗണ്ടിലേക്കു മുന്നേറി. സിംഗപ്പൂരിന്റെ ജിയ ഹെങ് ജാസണ്‍ ടേയ്ക്കെതിരേ 21-16, 21-17 ന് ജയിച്ചുകയറി. മത്സരം 43 മിനിറ്റ് മാത്രമാണു നീണ്ടത്. ജയത്തോടെ എതിരാളിക്കെതിരേ 6-0 ന്റെ അപരാജിത ലീഡ് ലക്ഷ്യയ്ക്കു സ്വന്തം.
എട്ടാം സീഡ് സിംഗപ്പൂരിന്റെ ലോ കീന്‍ യൂവിനെ തോല്‍പ്പിച്ച് ലോക 29-ാം നമ്പര്‍ കിഡംബി ശ്രീകാന്ത് അടുത്ത റൗണ്ടിലെത്തി. സ്കോര്‍: 21-14, 21-15. ചൈനീസ് തായ്പേയിയുടെ ലോക 49-ാം നമ്പര്‍ സു ലി യാങ്ങാണ് പ്രീ-ക്വാര്‍ട്ടറില്‍ കിഡംബിയുടെ എതിരാളി.
ജാപ്പനീസ് താരം ആറാം സീഡ് കൊഡായ് നരോക്കയാണ് ആയുഷ് ഷെട്ടിക്ക് ആദ്യറൗണ്ട് പരാജയം സമ്മാനിച്ചത്. ആദ്യ ഗെയിം 21-13 ന് ബി.ഡബ്ല്യു.എഫ്. റാങ്കിങ്ങില്‍ ആറാമനായ നരോക്ക നേടി. രണ്ടാം ഗെയിം 17-21 നു ഷെട്ടി നേടി.
നിര്‍ണായകമായ അവസാന ഗെയിമില്‍ ഷെട്ടിയെ നിഷ്പ്രഭനാക്കി നാലിനെതിരേ 21 പോയിന്റിന് നരോക്ക മത്സരവും പ്രീ-ക്വാര്‍ട്ടര്‍ ബര്‍ത്തും ഉറപ്പാക്കി.
വനിതാ സിംഗിള്‍സില്‍ 21 വയസുകാരിയായ ദേവിക, ജപ്പാന്റെ ലോക 26-ാം നമ്പര്‍ നത്സുകി നിദൈറയെ മൂന്നു ഗെയിം നീണ്ട പോരാട്ടത്തില്‍ വീഴ്ത്തി. സ്കോര്‍: 21-19, 13-21, 21-15. ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് വെള്ളിമെഡല്‍ ജേതാവ് ഇന്ത്യയുടെ തന്വി ശര്‍മയെ 21-17, 21-8 നു തോല്‍പ്പിച്ച ലോക 28-ാം നമ്പര്‍ ജപ്പാന്റെ ഹിന അകേഷിയാണു ദേവികയുടെ അടുത്ത എതിരാളി.
ലോക 44-ാം നമ്പര്‍ താരം വെന്‍ യു ഷാങ്ങിനെ ആവേശപ്പോരാട്ടത്തില്‍ കീഴടക്കിയാണു മാളവിക അടുത്ത റൗണ്ട് ഉറപ്പാക്കിയത്. ആദ്യ ഗെയിം നഷ്ടമായെങ്കിലും അടുത്ത രണ്ടു ഗെയിമുകള്‍ മാളവിക അക്കൗണ്ടിലാക്കി. പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്‍ ചെന്‍ യു ഫീയെയാണ് മാളവികയുടെ എതിരാളി.
വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ അന്മോല് ഖര്‍ബ്, ചെന്‍ യു ഫീക്കു മുന്നില്‍ മുട്ടുമടക്കി. ആദ്യ ഗെയിം 19-21ന് അന്മോല് നേടി. അടുത്ത രണ്ടു ഗെയിം 21-13, 21-18ന് നേടിയ ചെന്‍ യു ഫീ മത്സരം സ്വന്തമാക്കി.
തായ്ലന്‍ഡിന്റെ നാലാം സീഡ് പോണ് പാവി ചോചുവോങ്ങാണ് ഉന്നതി ഹൂഡയെ കെട്ടുകെട്ടിച്ചത്. ഒരു മണിക്കൂറും 12 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ 11-21, 21-17, 21-16 എന്ന സ്കോറിനാണ് തായ് താരത്തിന്റെ ജയം.





