
തിരുവനന്തപുരം: ഏറെ കാത്തിരുന്ന് ഒടുവില്‍ കേരളത്തിലെ മുഖ്യമന്ത്രിയെ ഇന്നറിയാം. പതിനൊന്നാമത്തെ ദിവസം മുഖ്യമന്ത്രി പ്രഖ്യാപനം കേരളത്തില്‍ നടത്താനൊരുങ്ങുകയാണ് കോണ്‍ഗ്രസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തിലുള്ള ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായി. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തിരുവനന്തപുരത്തേക്ക് തിരിച്ചിരിക്കുകയാണ്.
ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷിയോഗത്തില്‍ പ്രഖ്യാപനം നടത്തിയേക്കും. വി.ഡി. സതീശനും കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും യോഗത്തില്‍ പങ്കെടുക്കും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും കേരളത്തിലേക്ക് എത്തുന്നുണ്ട്. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പ്രതിസന്ധി അനന്തമായി നീളുന്ന പശ്ചാത്തലത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഖര്‍ഗെയുടെ വസതിയില്‍ വെച്ചായിരുന്നു യോഗം. യോഗത്തിന് ശേഷം പുറത്തേയ്ക്കുവന്ന രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. പിന്നാല ഖര്‍ഗെയുടെ വസതിയിലെത്തിയ ജയ്റാം രമേശാണ് ഇന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന വിവരം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. യോഗത്തിന് മുമ്പ് മുതിര്‍ന്ന നേതാവായ എ കെ ആന്റണിയെയും കൊടിക്കുന്നില്‍ സുരേഷിനെയും രാഹുല്‍ ഗാന്ധി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ചര്‍ച്ചയുടെ ഭാഗമായി മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ മുരളീധരന്, കെ സുധാകരന്, മുല്ലപ്പള്ളി രാമചന്ദ്രന്, എം എം ഹസ്സന് എന്നിവരെയാണ് വിളിപ്പിച്ചത്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ് എന്നിവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.






