
മാതൃദിനത്തില്‍ തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച് നടിയും നടന് മുകേഷിന്റെ ഭാര്യയുമായ സരിത. ഒരു സിംഗിള്‍ മദര്‍ എന്ന നിലയില്‍ താന്‍ താണ്ടിയ 30 വര്‍ഷത്തെ കഠിനമായ യാത്രയെക്കുറിച്ചും കുരുത്തുറ്റ അമ്മയായി മാറിയതിനെക്കുറിച്ചും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്.
തന്റെ രണ്ട് ആണ്മക്കളെയും വളര്‍ത്തുന്നതിനിടയില്‍ ജീവിതത്തെക്കുറിച്ച് ഒരുപാട് പഠിച്ചുവെന്നും ഇന്നും ആ പഠനം തുടരുകയാണെന്നും സരിത പറയുന്നു. മക്കള്‍ക്കൊപ്പം ജീവിതം അനുഭവിക്കാന്‍ അവസരം നല്‍കിയതിന് അവരുടെ പിതാവിനോട് താരം നന്ദിയും പറയുന്നുണ്ട്.
ഒരു സിംഗിള്‍ മദര്‍ ആയിരുന്നില്ലെങ്കില്‍ താന്‍ ഇപ്പോഴും പഴയ ആ നിഷ്കളങ്കയായ പെണ്‍കുട്ടിയായി തുടര്‍ന്നേനെ എന്നും താരം ഓര്‍മ്മിക്കുന്നു. നിരവധി പ്രതിസന്ധികള്‍ക്കിടയിലും തനിക്ക് മുന്നോട്ട് പോകാന്‍ കരുത്ത് നല്‍കിയത് ദൈവമാണെന്നും, മക്കളുടെ മുഖം കാണുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്നും സരിത കൂട്ടിച്ചേര്‍ത്തു.
‘ലോകത്തിലെ എല്ലാ പ്രിയപ്പെട്ട അമ്മമാര്‍ക്കും മാതൃദിനാശംസകള്‍. ഈ ദിവസം ഒരു സിംഗിള്‍ മദര്‍ എന്ന നിലയിലും കരുത്തുറ്റവളായ ഒരു അമ്മ എന്ന നിലയിലുമുളള എന്റെ ജീവിതത്തിന് കൃത്യം 30 വര്‍ഷം തികയുകയാണ്. എന്റെ രണ്ട് അത്ഭുതകരമായ ആണ്മക്കള്ക്കൊപ്പം ഈ ജീവിതം അനുഭവിച്ചറിയാന്‍ അവസരം നല്കിയ അവരുടെ പിതാവിനോട് ഞാന്‍ നന്ദി പറയുന്നു.
അവര്‍ക്കൊപ്പം വളര്‍ന്നപ്പോള്‍ ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു, ഇന്നും ഓരോ ദിവസവും പഠിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ ഒരു സിംഗിള്‍ മദര്‍ ആയിരുന്നില്ലെങ്കില്‍, ഒരുപക്ഷേ ഇപ്പോഴും പഴയ ആ പാവം പെണ്‍കുട്ടിയായിത്തന്നെ തുടര്‍ന്നേനെ.
എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള കരുത്ത് ദൈവം എനിക്ക് നല്കി. എന്റെ മക്കളുടെ മുഖം ഓരോ ദിവസവും കാണുന്നതാണ് എനിക്ക് ജീവിക്കാനുള്ള പ്രചോദനം. ഞാന്‍ അനുഗൃഹീതയാണ്. ഇന്ന് എനിക്ക് മനോഹരമായ സന്ദേശങ്ങള്‍ അയച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.. നിങ്ങളെയെല്ലാം ഞാന്‍ സ്നേഹിക്കുന്നു’ സരിതയുടെ വാക്കുകള്‍.
1970 കളുടെ അവസാനത്തില്‍ അഭിനയ ലോകത്തേക്ക് വന്നതാണ് സരിത. തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളില്‍ അന്ന് നിറഞ്ഞു നിന്ന നടിയാണ് സരിത. 1988 ല്‍ ആയിരുന്നു മുകേഷുമായുള്ള വിവാഹം. വിവാഹത്തിന് ശേഷം സരിത അഭിനയത്തില്‍ നിന്നെല്ലാം മാറി നിന്നു. ശ്രാവണും തേജസുമാണ് രണ്ട് മക്കള്‍. നേരത്തെ തന്നെ മുകേഷും സരിതയും വേര്‍പിരിഞ്ഞിരുന്നുവെങ്കിലും നിയമപരമായി ആ ബന്ധം അവസാനിപ്പിച്ചത് 2011 ല്‍ ആണ്.






