
മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് പ്രണവ് മോഹന്‍ലാല്‍. അച്ഛന്‍ മോഹന്‍ലാലിനോടുളള അതേ സ്‌നേഹം പ്രേക്ഷകര്‍ക്ക് പ്രണവിനോടും ഉണ്ട്. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് ക്യാമറയുടെ പിന്നണിയിലും പ്രണവ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ജീത്തു ജോസഫിനൊപ്പം വിവിധ ചിത്രങ്ങളില്‍ അദ്ദേഹം അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തിട്ടുണ്ട്. അതിലൊന്നാണ് ദൃശ്യത്തിന്റെ തമിഴ് എതിപ്പായ പാപനാശം.
സെറ്റില്‍ വെച്ച് പ്രണവിനോട് സംസാരിച്ചതിനെ കുറിച്ചുളള രസകരമായ ചില ഓര്‍മകള്‍ പങ്കുവെക്കുകയാണ് എസ്തര്‍. പാപനാശത്തില്‍ ഒരു പ്രധാന വേഷത്തില്‍ എസ്തര്‍ അഭിനയിച്ചിട്ടുണ്ട്. പ്രണവിന്റെ ഒരു ഗേള്‍ഫ്രണ്ടിന്റെ പേര് എസ്തര്‍ എന്ന് മോഹന്‍ലാല്‍ ഒരിക്കല്‍ പറഞ്ഞതും അതേക്കുറിച്ച് പ്രണവിനോട് ഒരിക്കല്‍ ചോദിച്ചതിനെ കുറിച്ചും എസ്തര്‍ പറയുന്നുണ്ട്. ദൃശ്യം 3യുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തിലാണ് എസ്തര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
'പ്രണവ് മോഹൻലാൽ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിന്റെ ക്രൂവിൽ ഉണ്ടായിരുന്നു. അസിസ്റ്റന്റ് ഡയറക്ടായിരുന്നു. ക്ലാപ് ബോർഡ് കൈകാര്യം ചെയ്യുന്നയാളായിരുന്നു. കേരളത്തിലായിരുന്നു പാപനാശത്തിന്റെ ഷൂട്ടെങ്കിലും തമിഴ് ക്രൂവായിരുന്നു അധികവും. മോഹൻലാലിന്റെ മകൻ സെറ്റിലുണ്ടെന്ന് അവർ അറിഞ്ഞു. അദ്ദേഹത്തെ കാണാനായി അവർ കുറച്ച് പേർ വന്നു.
അവർ തിരഞ്ഞു നടന്നിട്ട് അപ്പുവിനെ കാണുന്നില്ല. അപ്പോഴാണ് ഒരാൾ നിലത്തിരിക്കുന്ന പ്രണവിനെ അവർക്ക് ചൂണ്ടിക്കാണിച്ച് കൊടുക്കുന്നത്. മുടിയൊക്കെ നീട്ടി, ലാൽ അങ്കിൾ ഇട്ടിരുന്ന ഒരു ലൂസ് ഷർട്ടുമിട്ട് നിലത്തിരിക്കുന്ന ആളാണ് മോഹൻലാലിന്റെ മകൻ എന്ന് വിശ്വിസിക്കാൻ അവർക്ക് പ്രയാസമായിരുന്നു. ആ ഷർട്ടിൽ എന്തോ കീറലുമുണ്ടായിരുന്നു.
ലാൽ അങ്കിൾ ജാഗ്വർ കാറൊക്കെ കൊടുത്തുവിട്ടിരുന്നെങ്കിലും പ്രണവ് ക്രൂവിന്റെ ബസിലാണ് പോയിരുന്നത്. ജീത്തു സാറായിരുന്നു ആ കാർ ഓടിച്ചിരുന്നത്. പ്രണവ് അധികം സംസാരിക്കാത്ത ആളായിരുന്നു, ഞാനും വളരെ ചെറുതായിരുന്നു. അതുകൊണ്ട് വളരെ കുറച്ചേ നമ്മൾ തമ്മിൽ സംസാരിച്ചിട്ടുള്ളു. പ്രണവിന്റെ ഒരു ഗേൾഫ്രണ്ടിന്റെ പേര് എസ്തർ എന്നായിരുന്നു. അതേകുറിച്ച് ഞാൻ പ്രണവിനോട് ചോദിച്ചിട്ടുണ്ട്. ഇതൊക്കെ എങ്ങനെ അറിഞ്ഞു എന്നായിരുന്നു അദ്ദേഹം ചിരിച്ചുകൊണ്ട് മറുചോദ്യം ചോദിച്ചത്.
അത് ലാൽ അങ്കിൾ ഒരിക്കൽ എന്നോട് പറഞ്ഞതാണ്. ഒരു നാൾ വരും എന്ന രണ്ടാമത്തെ ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് എസ്തർ എന്ന പേര് മലയാളികൾക്കിടയിൽ അത്ര പരിചിതമല്ലല്ലോ അതുകൊണ്ട് പേര് മാറ്റണോ എന്നൊരു ചർച്ച വന്നിരുന്നു. മണിയൻപിള്ള രാജു അങ്കിൾ അപ്പോൾ ലാൽ അങ്കിളിനോട് അതേകുറിച്ച് ചോദിച്ചു. അങ്ങനെയൊരു രീതി സിനിമയിൽ ഉണ്ടല്ലോ. ഞാനാണെങ്കിൽ എന്റെ പേര് മാറ്റല്ലേ എന്ന് മനസിൽ ഇങ്ങനെ കരുതുകയായിരുന്നു. അപ്പോഴാണ് ലാൽ അങ്കിൾ പറഞ്ഞു, ' എസ്തർ നല്ല പേരല്ലേ, അപ്പുവിന്റെ ഗേൾഫ്രണ്ടിന്റെ പേരാണ് എസ്തർ. അത് വെച്ചോളൂ മാറ്റേണ്ട,' എന്ന് പറഞ്ഞു. ഇതേ കുറിച്ചാണ് പിന്നീട് ഞാൻ പ്രണവിനോട് ചോദിച്ചത്,' എസ്തർ പറഞ്ഞു.






