
തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയതാരമാണ് ജ്യോതിക. 47-ാം വയസിലും തന്റെ സൗന്ദര്യവും ഫിറ്റ്നെസ്സും നിലനിർത്തുന്നതിൽ ജ്യോതിക മുന്നിലാണ്. കരിയറിലും വ്യക്തിജീവിതത്തിലും തിളങ്ങി നിൽക്കുന്ന താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വളരെ വേഗത്തിലാണ് ആരാധകർ ഏറ്റെടുക്കുന്നത്.
ഇപ്പോഴിതാ ചോക്ലേറ്റ് ബ്രൗൺ സ്യൂട്ടിൽ എലഗന്റ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കിടുകയാണ് താരം. ചോക്ലേറ്റ് ബ്രൗൺ നിറത്തിലുള്ള മോണോക്രോമാറ്റിക് കോ-ഓർഡ് സെറ്റാണ് താരം ധരിച്ചിരിക്കുന്നത്. സ്ട്രക്ചേർഡ് കോളറുള്ള ക്ലാസ്സിക് ബട്ടൺ ഡൗൺ ഷർട്ടും ഫ്രണ്ടിൽ പ്ലീറ്റുള്ള ട്രൗസറുമാണ് താരത്തിന്റെ ഔട്ട്ഫിറ്റ്. ഒപ്പം സ്റ്റൈലിഷ് ബെൽറ്റും കൂടിയായപ്പോൾ ഔട്ട്ഫിറ്റിനു എലഗന്റ് ലുക്കായി.
നിമിഷ നേരം കൊണ്ട് തരംഗമായ ചിത്രത്തിലെ താരത്തിന്റ റിവേഴ്സ് എയ്ജ് ലുക്കിനെക്കുറിച്ചാണ് കമന്റുകളിൽ ആരാധകർ കുറിക്കുന്നത്. 'ജോ എപ്പോഴും സ്റ്റണ്ണിങ്, തലൈവി, തമിഴകത്തിന്റെ സ്റ്റൈലിഷ് ആൻഡ് ബ്യൂട്ടിഫുൾ റാണി...' എന്നതടക്കമാണ് കമന്റുകൾ.
എത്ര തിരക്കിലും ഫിറ്റ്നസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വരുത്താത്ത താരമാണ് ജ്യോതിക. ഭർത്താവും തമിഴ് സൂപ്പർ താരം സൂര്യയോടൊപ്പമുള്ള വർക്ഔട്ട് വിഡിയോകള്‍ ജ്യോതിക ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
2000 ത്തോടെ അഭിനയ രംഗത്ത് നിന്ന് മാറിയ ജ്യോതിക പിന്നീട് 2005 ല്‍ നിര്‍മാണ രംഗത്തേക്ക് മാറിയിരുന്നു. 2015 ല്‍ റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആർയു വിന്റെ തമിഴ് റീമേക്കായ 36 വയതനിലെ എന്ന സിനിമയിലൂടെയാണ് ജ്യോതിക തിരിച്ചു വരവ് നടത്തിയത്. ഇപ്പോള്‍ അഭിനയത്തില്‍ സജീവമാണ് താരം.
'ബറേലി കി ബർഫി', ദേശീയ ശ്രദ്ധ നേടിയ 'നില് ബത്തേയ് സന്നാത' എന്നീ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സംവിധായിക അശ്വിനി അയ്യർ തിവാരിയുടെ പുതിയ പ്രൈം വീഡിയോ ചിത്രം 'സിസ്റ്റ'ത്തിലൂടെ ജോ ഇത്തവണ പ്രേക്ഷകർക്ക്ആ മുന്നിലെത്തുന്നത്.
സോനാക്ഷി സിന്‍ഹ, ജ്യോതിക, ആശുതോഷ് ഗോവാരികർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ പ്രീതി അഗർവാള്‍, ആദിനാഥ് കൊത്താരെ, ആശ്രിയ മിശ്ര, ഗൗരവ് പാണ്ഡെ, സയൻദീപ് ഗുപ്ത എന്നിവർ സുപ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. സമൂഹത്തിലെ യാഥാർത്ഥ്യങ്ങളും അധികാരത്തിന്റെ സ്വാധീനവും ശക്തമായി കാണിച്ചുകൊണ്ടാണ് 'സിസ്റ്റം' ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ആഗ്രഹം, പ്രതികാരം, നീതിക്കായുള്ള പോരാട്ടം, നൈതികത എന്നീ സർവസാധാരണ വിഷയങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.






