
ചെന്നൈ: നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നത് വലിയ വിവാദമായി മാറിയിരിക്കെ പരീക്ഷയെ വിമര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്. മെഡിക്കല്‍ കോഴ്സുകളിലെ നീറ്റ് അടിസ്ഥാനത്തിലുള്ള പ്രവേശന നടപടികള്‍ റദ്ദാക്കണമെന്നും, പന്ത്രണ്ടാം ക്ലാസ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്കാന് അതത് സംസ്ഥാനങ്ങളെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ച കണക്കിലെടുത്ത് മെഡിക്കല്‍ പ്രവേശന പരീക്ഷ പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇതിന് പകരമായി, സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പന്ത്രണ്ടാം ക്ലാസ് മാര്‍ക്ക് പ്രവേശന യോഗ്യതയായി കണക്കാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി 2026ലെ നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതിന്റെ തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
2026 മെയ് 3-ന് 5,432 കേന്ദ്രങ്ങളിലായാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നീറ്റ് പരീക്ഷ നടത്തിയത്. തമിഴ്നാട്ടില്‍ മാത്രം 31 നഗരങ്ങളിലായി പരീക്ഷ നടന്നു. രാജ്യത്താകെ 22,05,035 ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ ഏകദേശം 1.4 ലക്ഷം പേര് തമിഴ്നാട്ടില്‍ നിന്നുള്ളവരായിരുന്നു. പരീക്ഷ റദ്ദാക്കിയത് രാജ്യത്തെ ലക്ഷക്കണക്കിന് മെഡിക്കല്‍ മോഹികളുടെ പ്രതീക്ഷകളെ തകര്‍ത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''നീറ്റ് പരീക്ഷയില്‍ ക്രമക്കേടുകള്‍ നടക്കുന്നത് ഇതാദ്യമല്ല. 2024-ല്‍ ചോദ്യപേപ്പര്‍ ചോരുകയും ആറ് സംസ്ഥാനങ്ങളിലായി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് സിബിഐക്ക് കൈമാറുകയും ചെയ്തിരുന്നു. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. കെ. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഉന്നതതല സമിതി 95 പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. എന്നിട്ടും രണ്ട് വര്‍ഷത്തിനുള്ളില്‍ വീണ്ടും ചോദ്യപേപ്പര്‍ ചോരുകയും പരീക്ഷ റദ്ദാക്കേണ്ടി വരികയും ചെയ്തു. ദേശീയ തലത്തിലുള്ള ഒരു പരീക്ഷയുടെ ഘടനാപരമായ പിഴവുകള്‍ക്ക് ഇതാണ് ആധികാരികമായ തെളിവ്.'' അദ്ദേഹം പറഞ്ഞു.
നീറ്റ് പരീക്ഷ ഏര്‍പ്പെടുത്തിയത് ഗ്രാമീണ മേഖലയിലുള്ളവര്‍ക്കും, സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്കും, തമിഴ് പശ്ചാത്തലമുള്ളവര്‍ക്കും, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും വലിയ ദോഷമുണ്ടാക്കി. വിജയ് നീറ്റ് പരീക്ഷയെ എതിര്‍ക്കുന്നത് ഇതാദ്യമല്ല. 2024 ജൂലൈയില്‍ നടന്ന ടിവികെ ഭാരവാഹികളുടെ യോഗത്തില്‍, ദരിദ്രരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ വിദ്യാര്‍ത്ഥികളോട് നീറ്റ് പരീക്ഷ അനീതി കാണിക്കുന്നുവെന്ന് വിജയ് പറഞ്ഞിരുന്നു. പാഠ്യപദ്ധതികള്‍ സംസ്ഥാനങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ മാറ്റം വരുത്തണമെന്നും 2024-ല്‍ വിജയ് നിര്‍ദ്ദേശിച്ചിരുന്നു.






