
ഹസ്കി വോയിസിലൂടെ ദശലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത പിന്നണി ഗായികയാണ് ഉഷ ഉതുപ്പ്. പോപ്പ് സംഗീതത്തെ സാധാരണക്കാരിലേക്കെത്തിച്ച ഉഷ ഉതുപ്പിനെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. , ബംഗാളി, ഹിന്ദി, ഇംഗ്ലിഷ്, പഞ്ചാബി, അസ്സമീസ്, ഒറിയ, ഗുജറാത്തി, മറാത്തി, മലയാളം, കന്നട, തമിഴ്, തുളു, തെലുങ്ക് എന്നിവയടക്കം 16 ഇന്ത്യൻ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
മലയാള സിനിമാപ്രേക്ഷകരെ സംബന്ധിച്ച് ‘പോത്തന് വാവ’ എന്ന ചിത്രത്തിലൂടെ അഭിനേത്രി എന്ന നിലയിലും ഉഷ ഉതുപ്പ് ഹൃദയം കവര്‍ന്നതാണ്. ഗായികയുടെ ശബ്ദത്തിന് കേരളത്തിലും ഒരുപാട് ആരാധകരുണ്ട്. സ്നേഹത്തോടെ ദീദി എന്നു വിളിക്കുന്ന ഉഷ ഉതുപ്പ് പ്രായം എഴുപതെട്ടിനോടടുത്തെങ്കിലും ഇന്നും സംഗീതരംഗത്ത് സജീവമാണ്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഉഷ ഉതുപ്പിന്റെ പേര് നിറയുന്നത് ബംഗാളിയിൽ നിന്നുള്ള ‘ദീദി’ എന്ന അറബി ഗാനത്തിന്റെ ബംഗാളി വേര്‍ഷന്‍ ആലപിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങളിലാണ്. ‘ദീദി ഗോ’ ഗായിക പാടുന്നതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് വൈറലായത്. അടുത്തിടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയെയാണ് ഗായിക കളിയാക്കി എന്ന നിലയിലായിരുന്നു വിവാദം.
ഇപ്പോഴിതാ ഈ വിവാദങ്ങളോട് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയാണ് ഗായിക. പശ്ചിമ ബംഗാളിൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടത് ഉഷ ഉതുപ്പ് പാട്ടു പാടി ആഘോഷിക്കുകയാണ് എന്ന തരത്തിൽ ഉയർന്ന ആരോപണങ്ങളോടാണ് ഗായിക പ്രതികരിച്ചത്. പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും വർഷങ്ങളായി ഈ ഗാനം സ്റ്റേജിൽ പാടുന്നുണ്ടെന്നും ഇതിൽ രാഷ്ട്രീയമായ മാനം കാണേണ്ടതില്ലെന്നും തനിക്കെതിരെയുള്ള വ്യാജ പ്രചരണങ്ങൾക്കെതിരെ പ്രതികരിച്ച് ഗായിക കുറിച്ചു.
‘‘ട്വിറ്റർ, ഇൻസ്റ്റ, വാട്ട്സ്ആപ്പ് എന്നിവയിൽ എന്നെക്കുറിച്ച് ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്, ആ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന നിരവധി പ്രസ്താവനകൾ തെറ്റാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. പ്രസ്തുത ഗാനം വർഷങ്ങൾക്ക് മുമ്പ് രചിച്ചതും ഒരു അറബി രാഗത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതുമായ ഒരു ബംഗാളി ഗാനമാണ്. രണ്ട് പതിറ്റാണ്ടിലേറെയായി ഞാൻ ഇത് പൂർണ്ണമായും ഒരു സംഗീത ആലാപനമായി അവതരിപ്പിക്കുന്നു. അതിന് പൂർണ്ണമായും ഒരു സംഗീത ആലാപനം എന്ന അർഥമേ ഉള്ളൂ.
1976 മുതൽ ഞാൻ കൊൽക്കത്തയിൽ താമസിക്കുകയാണെന്നും ഇതിനിടെ ഒരിക്കലും കൊൽക്കത്ത വിട്ട് മുംബൈയിലേക്ക് താമസം മാറ്റിയിട്ടില്ലെന്നും ഞാൻ വ്യക്തമാക്കട്ടെ. കൊൽക്കത്ത എന്നും എന്റെ വീടാണ്. ഈ നഗരത്തോടും അവിടുത്തെ ജനങ്ങളോടും ഉള്ള അതിയായ സ്നേഹത്തോടെയാണ് ഞാൻ ഇവിടെ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നത്.
ആ പോസ്റ്റിൽ പ്രചരിക്കുന്ന വ്യാഖ്യാനങ്ങൾ, അഭിപ്രായങ്ങൾ, വിവരണങ്ങൾ എന്നിവ പൂർണ്ണമായും എന്റേതല്ല, ഞാൻ അവയുമായി ബന്ധപ്പെടുകയോ ഒരു തരത്തിലും അവയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ചെയ്യുന്നില്ല. എനിക്ക് യാതൊരു ബന്ധവുമില്ലാത്ത വിവാദങ്ങളിൽ ദയവായി എന്നെ അനാവശ്യമായി കുടുക്കരുത്...’’ എന്നാണ് ഉഷ ഉതുപ്പ് കുറിച്ചത്. നിരവധി ആളുകള്‍ ഗായികയുടെ പോസ്റ്റിനെ പിന്തുണച്ചും സ്നേഹം പങ്കിട്ടും കമന്റുകള്‍ കുറിക്കുന്നുണ്ട്.






