
തിരുവനന്തപുരം : കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് ആശംസകളുമായി ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ രംഗത്തെത്തി. രാജ്യത്തിന്റെ മതേതര ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ച് മുന്നേറാൻ സതീശന് കഴിയട്ടെ എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വികസനത്തിന്റെ പാതയിൽ കേരളത്തെ പുതിയ ദിശയിലേക്ക് നയിക്കാൻ നിയുക്ത മുഖ്യമന്ത്രിക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിലാണ് വി.ഡി. സതീശൻ അധികാരമേൽക്കുന്നതെന്ന് കാതോലിക്കാ ബാവാ ഓർമ്മിപ്പിച്ചു. ഉപഭോഗ സംസ്കാരത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന കേരളത്തെ വലിയ സാധ്യതകളുള്ള സംസ്ഥാനമാക്കി മാറ്റുകയെന്നതാണ് പുതിയ സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഐ.ടി, ടൂറിസം മേഖലകളിലെ മുന്നേറ്റം, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പൂർത്തീകരണം, മദ്യ-മയക്കുമരുന്ന് മാഫിയകളിൽ നിന്ന് സമൂഹത്തെ രക്ഷിക്കൽ, വിദേശത്തേക്കുള്ള തൊഴിൽ കുടിയേറ്റം നിയന്ത്രിക്കാൻ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ വലിയ പ്രതീക്ഷയാണ് കേരളം പുതിയ സർക്കാരിൽ അർപ്പിക്കുന്നത്.
ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള വികസനമാണ് നാടിന് ആവശ്യമെന്നും, ജനങ്ങളെ മറന്നുള്ള വികസനമല്ല വേണ്ടതെന്നും കാതോലിക്കാ ബാവാ തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നാടിനെയും ജനങ്ങളെയും നേരിട്ട് കണ്ട് മനസ്സിലാക്കി നേടിയ അനുഭവസമ്പത്ത് ഭരണത്തിന് മികച്ച ദിശാബോധം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തനിക്ക് കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും എപ്പോഴും നേതാക്കളാണെന്നും, എല്ലാവരെയും ഉൾപ്പെടുത്തി ഒരു നല്ല ടീമിനെ അർപ്പണബോധത്തോടെ നയിക്കുമെന്നും വി.ഡി. സതീശൻ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.






