
ചൈനയിൽ മാതാപിതാക്കളോടൊപ്പം ഓഫീസിലെത്തിയ 12 വയസ്സുകാരൻ കത്തിച്ച തീയിൽ ഓഫീസ് പൂർണ്ണമായും നശിച്ചു. കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലുള്ള നിങ്ബോ നഗരത്തിൽ ഏപ്രിൽ 30 -നായിരുന്നു സംഭവം.
കുട്ടിയെ ജോലിത്തിരക്കിനിടയിൽ ശ്രദ്ധിക്കാതിരുന്നതാണ് വലിയ അപകടത്തിന് കാരണമായത്. ജോലിസ്ഥലത്ത് തനിയെ ഇരുന്നപ്പോൾ ബോറടിച്ച കുട്ടി, കൈവശമുണ്ടായിരുന്ന ലൈറ്റർ ഉപയോഗിച്ച് ടിഷ്യൂ പേപ്പറുകൾ കത്തിച്ചു കളിക്കാൻ തുടങ്ങി. ടിഷ്യൂ പേപ്പറിൽ നിന്നും ചിതറിയ തീപ്പൊരി അടുത്തുള്ള മേശയിലേക്കും മറ്റ് ഫയലുകളിലേക്കും പടരുകയായിരുന്നു.
പെട്ടെന്നുണ്ടായ അഗ്നിബാധയിൽ ഓഫീസിനുള്ളിലെ ഫർണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉൾപ്പെടെയുള്ളവ പൂർണ്ണമായും കത്തിനശിച്ചു. കുട്ടി ഉടൻ തന്നെ രക്ഷകർത്താവിനെ വിവരമറിയിക്കുകയും അഗ്നിശമന സേനയെ വിളിക്കുകയും ചെയ്തു. ജീവനക്കാർ ചേർന്ന് അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഓഫീസിനുള്ളിലെ വസ്തുവകകൾ പൂർണമായും നശിച്ചു.






