
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിച്ചതിന് പിന്നാലെ മൗനംവെടിഞ്ഞ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നെന്നും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി.സതീശന് ആശംസയെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. എന്നിരുന്നാലും ഹൈക്കമാന്റ് തീരുമാനത്തോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ച രമേശ് ചെന്നിത്തല ഹരിപ്പാട് എംഎല്‍എ സ്ഥാനം രാജിവെയ്ക്കുന്ന കാര്യം ആലോചിക്കുന്നതായിട്ടാണ് വിവരം.
തീരുമാനം വന്ന് ഒരു ദിവസത്തിന് ശേഷമാണ് രമേശിന്റെ പ്രതികരണം. മന്ത്രിസഭയില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മന്ത്രിസഭയിലേക്കുള്ള കാര്യം തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നായിരുന്നു മറുപടി. ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നതായും യുഡിഎഫ് പ്രവര്‍ത്തകര്‍ സതീശനൊപ്പം ഉണ്ടാകുമെന്ന് കരുതുന്നതായും പറഞ്ഞു. ഇന്നലെ മുഖ്യമന്ത്രിയെ തീരുമാനിച്ച് പ്രഖ്യാപനം ഉണ്ടായതിന് തൊട്ടുപിന്നാലെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും ഗുരുവായൂരിലേക്ക് പോയ രമേശ് ചെന്നിത്തല മാധ്യമങ്ങളെ കണ്ടത് ഗുരുവായൂരില്‍ ഇന്ന് പുലര്‍ച്ചെ 2.30 നുള്ള നിര്മ്മാല്യസമയത്താണ്. ഈ സമയത്തായിരുന്നു പ്രതികരിച്ചത്.
മന്ത്രിസഭയിലേക്കില്ലെന്ന തീരുമാനവും രമേശ് താല്‍ക്കാലികമായി എടുത്തേക്കാം. ഹൈക്കമാന്റിന്റെ തീരുമാനം രമേശ് ചെന്നിത്തലയെ ചൊടിപ്പിച്ചിട്ടുണ്ട്്. തന്റെ പ്രവര്‍ത്തിപരിചയവും പാര്‍ട്ടിയിലെ ദൈര്‍ഘ്യവും പരിഗണിച്ചില്ലെന്നാണ് ആക്ഷേപം. ഇന്നലെ രാഹുല്‍ഗാന്ധിയെ വിളിച്ച് ഹരിപ്പാട് എംഎല്‍എ സ്ഥാനം രാജി വെയ്ക്കുന്ന കാര്യം സംസാരിച്ചിരുന്നു. രാജിക്കത്ത് ഇന്ന് തയ്യാറാക്കാന്‍ തന്റെ ഓഫീസിന് നിര്‍ദേശവും നല്‍കിയിരിക്കുകയാണ്. ഇക്കാര്യം തന്നോട് അടുപ്പമുള്ള സീനിയര്‍ നേതാക്കളെ വിളിച്ച് അദ്ദേഹം പറയുകയും ചെയ്തിട്ടുണ്ട്.
ഗുരുവായൂരില്‍ നിന്നും ഇന്ന് രാവിലെ ഒമ്പത് മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന രമേശ് ചെന്നിത്തല തനിക്കൊപ്പമുള്ള നേതാക്കളോട് തിരുവനന്തപുരത്ത് എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജോസഫ് വാഴക്കന്, ജ്യോതികുമാര്‍ ചാമക്കാല, അബിന്‍വര്‍ക്കി എന്നിവര്‍ തിരുവരനന്തപുരത്ത് തുടരുകയാണ്. മുഖ്യമന്ത്രിയെ തീരുമാനിച്ചതോടെ മന്ത്രിസഭയുടെ കാര്യത്തില്‍ ഇന്ന് തീരുമാനം എടുക്കും.
ഇതിനായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി തിരുവനന്തപുരത്തുണ്ട്. അതേസമയം ആഭ്യന്തര വകുപ്പിലേക്ക് തന്നെ പരിഗണിക്കാനുള്ള ചെന്നിത്തലയുടെ നീക്കമാണ് ഇതെന്നാണ് പാര്‍ട്ടിയില്‍ അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത്. എന്നിരുന്നാലും തനിക്കൊപ്പമുള്ള ജ്യോതികുമാര്‍ ചാമക്കാല, അന്‍വര്‍സാദത്ത്, ജോയി എന്നീ മൂന്ന് പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടേക്കും.






