
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ യുഡിഎഫിന്റെ മുഖ്യമന്ത്രി തിങ്കളാഴ്ച സത്യപ്രതിജ്ഞ നടക്കാനിരിക്കെ, മന്ത്രിസഭയിലെ അംഗങ്ങളെയും വകുപ്പുകളെയും നിശ്ചയിക്കാനുള്ള തിരക്കിട്ട നീക്കങ്ങളിലാണ് യുഡിഎഫ് നേതൃത്വം. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനവും വകുപ്പുകളുടെ കൈമാറ്റവും ചര്‍ച്ച ചെയ്യുന്നതിനായി യുഡിഎഫ് ഉന്നതാധികാര സമിതി ഇന്ന് വൈകുന്നേരം യോഗം ചേരും.
മന്ത്രിസഭാ രൂപീകരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി അടക്കമുള്ളവര്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് തയ്യാറാക്കിയ വകുപ്പ് വിഭജന ഫോര്‍മുല ഈ യോഗത്തില്‍ അവതരിപ്പിക്കും. മുഖ്യമന്ത്രി ഉള്‍പ്പെടെ 12 മന്ത്രിമാരാകും കോണ്ഗ്ര സില് നിന്ന് ഉണ്ടാവുക എന്നാണ് നിലവിലെ ധാരണ. കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ്, കെ മുരളീധരന്, പി സി വിഷ്ണു നാഥ്, ഷാനിമോള്‍ ഉസ്മാന്, എ പി അനില്‍ കുമാര്‍, ബിന്ദു കൃഷ്ണ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, എം വിന്‍സന്റ്, എന്‍ ശക്തന്, ചാണ്ടി ഉമ്മന്‍ എന്നിവരാണ് മന്ത്രിസഭയിലേക്ക് പരിഗണിക്ക പ്പെടുന്നവര്. സ്പീക്കര്‍ സ്ഥാനത്തേക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണനേയോ എന്‍ ശക്തനേയോ പരിഗണിച്ചേക്കാമെന്നാണ് വിവരം.
അതേസമയം മുഖ്യമന്ത്രി സ്ഥാനം പോലെ മന്ത്രിമാരുടെ കാര്യത്തിലും വകുപ്പുകളുടെ കാര്യത്തിലും ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മന്ത്രിസഭാ രൂപീകരണത്തില്‍ ചില പ്രധാന വകുപ്പുകളെ ചൊല്ലി ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ ആര്‍ക്ക് നല്‍കണം എന്നതില്‍ മുന്നണിക്കുള്ളില്‍ സമവായമായിട്ടില്ല. സിപിഐഎമ്മില്‍ നിന്ന് പുറത്തുവന്ന് സ്വതന്ത്രരായി വിജയിച്ച ജി സുധാകരന്, വി കുഞ്ഞികൃഷ്ണന്, ടികെ ഗോവിന്ദന് എന്നിവരെ മന്ത്രിസഭയിലേക്ക് പരിഗണിക്കാന്‍ സാധ്യതയി ല്ലെന്നാണ് സൂചന.
കഴിഞ്ഞ പിണറായി സര്‍ക്കാരില്‍ 21 മന്ത്രിമാരാണ് ഉണ്ടായിരുന്നതെങ്കില്‍, പുതിയ യുഡിഎഫ് മന്ത്രിസഭയിലെ അംഗബലം എത്ര യായിരിക്കുമെന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും. കെ.സി വേണുഗോപാല്‍, മന്ത്രിസഭാ തിരഞ്ഞെടുപ്പിലും വകുപ്പ് വിഭജനത്തിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.






