
അമ്മ റീത്ത ഷ്രോഫിനൊപ്പമുളള മനോഹരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പങ്കുവെച്ച് ബോളിവുഡ് താരം ജാക്കി ഷ്രോഫ്. തന്റെ കുട്ടിക്കാലത്തെ അപൂര്‍വ്വ ചിത്രങ്ങളും അമ്മയുടെ പഴയകാല ഫോട്ടോകളും ഉള്‍പ്പെടുത്തിയ വീഡിയോ ആരാധകരുടെ കണ്ണ് നറിയ്ക്കുന്നതാണ്.
‘മാ’ എന്ന ഒറ്റ വാക്കിലൂടെയാണ് താരം തന്റെ സ്നേഹം പ്രകടിപ്പിച്ചത്. അമ്മയുമായുള്ള ആഴത്തിലുള്ള ആത്മബന്ധം വെളിപ്പെടുത്തുന്ന ഈ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.
ജാക്കിയുടെ മക്കളായ ടൈഗര്‍ ഷ്രോഫിനെയും കൃഷ്ണയെയും മുത്തശ്ശി വാത്സല്യത്തോടെ ചേര്‍ത്തുപിടിക്കുന്ന ഹൃദ്യമായ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. മന്നാ ഡേ ആലപിച്ച ‘മാ തേരി സൂരത്ത് സേ അലഗ് ഭഗവാന് കി സൂരത്ത് ക്യാ ഹോഗി’ എന്ന പ്രശസ്തമായ ഗാനമാണ് പശ്ചാത്തല സംഗീതമായി നല്‍കിയിരിക്കുന്നത്.
2014-ലാണ് ജാക്കി ഷ്രോഫിന്റെ അമ്മ റീത്ത ഷ്രോഫ് അന്തരിച്ചത്. ഒരു കൊച്ചു മുറിയില്‍ കഴിഞ്ഞിരുന്ന കാലത്ത് തന്നെയും സഹോദരനെയും വളര്‍ത്താന്‍ അമ്മ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് അദ്ദേഹം പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.






