
തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ തന്ത്രപരമായ നീക്കങ്ങളിലൂടെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെയും ശ്രദ്ധേയനായ വി.ഡി. സതീശന് മുഖ്യമന്ത്രി പദത്തിലേക്ക് എത്തുമ്പോള്‍, അത് ഒരു ജനകീയ പോരാളിയുടെ കഠിനാധ്വാനത്തിനുള്ള അംഗീകാരമാവുകയാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പിണറായി സര്‍ക്കാരിനെതിരേ അഞ്ചുവര്‍ഷം നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പടയോട്ടമാണ് സതീശനെ ഈ ഉന്നത പദവിയിലേക്ക് അര്‍ഹനാക്കിയത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. നേരിട്ട കനത്ത തോല്‍വി കോണ്‍ഗ്രസിനെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് പാര്‍ട്ടിയില്‍ 'തലമുറമാറ്റം' എന്ന ലക്ഷ്യത്തോടെ ഹൈക്കമാന്‍ഡ് സതീശനെ പ്രതിപക്ഷ നേതാവായി നിശ്ചയിച്ചത്. ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിലുള്ള എ, ഐ ഗ്രൂപ്പുകളുടെ കടുത്ത എതിര്‍പ്പുകളെ മറികടന്നായിരുന്നു ആ നിയമനം. എന്നാല്‍, വെല്ലുവിളികള്‍ ഏറ്റെടുത്ത സതീശന് ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിച്ചു.
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സതീശന് കൊണ്ടുവന്ന പുതിയ പ്രവര്‍ത്തനശൈലി കോണ്‍ഗ്രസ് അണികളില്‍ വലിയ ആവേശം സൃഷ്ടിച്ചു. ഓരോ വിഷയവും ആഴത്തില്‍ പഠിച്ച് അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ രീതി സര്‍ക്കാരിനെ പലപ്പോഴും പ്രതിരോധത്തിലാക്കി. എ.ഐ ക്യാമറ അഴിമതി, കെഫോണ്‍ തുടങ്ങിയ വിഷയങ്ങളില്‍ സതീശന് നടത്തിയ പോരാട്ടങ്ങള്‍ ജനശ്രദ്ധ നേടി. ഇതോടെ ഭരണപക്ഷത്തിന് വലിയൊരു വെല്ലുവിളിയായി അദ്ദേഹം മാറി.
മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ്. ഘടകകക്ഷികളുമായി മികച്ച ബന്ധം പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശനായി ലീഗ് കടുത്ത സമ്മര്‍ദം ചെലുത്തിയത് ഈ ബന്ധത്തിന്റെ കരുത്തിലാണ്. ഘടകകക്ഷികളെ വിശ്വാസത്തിലെടുത്ത് മുന്നണിയെ ഒറ്റക്കെട്ടായി നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നത് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ വഴി സുഗമമാക്കി.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ തുടഭരണത്തെ തകര്‍ക്കാന്‍ കൃത്യമായ രാഷ്ട്രീയ അജന്‍ഡകളും വികസന കാഴ്ചപ്പാടുകളും അദ്ദേഹം ജനങ്ങള്‍ക്ക് മുന്നില്‍ വച്ചു. ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും അദ്ദേഹം നേരിട്ട് ഇടപെട്ടു. 'ജനകീയ മുഖ്യമന്ത്രി' എന്ന പ്രതിച്ഛായയിലേക്ക് അദ്ദേഹം വളരുന്നത് ഈ തെരഞ്ഞെടുപ്പുകാലത്താണ്.
എന്‍.എസ്.എസ്. ഉള്‍പ്പെടെയുള്ള സമുദായ സംഘടനകളുമായുള്ള ബന്ധം തന്ത്രപരമായി കൈകാര്യം ചെയ്യുന്നതിലും സതീശന് വിജയിച്ചു. ഇടക്കാലത്ത് എന്‍.എസ്.എസ്. നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായെങ്കിലും, തെരഞ്ഞെടുപ്പിന് മുന്നോടിയായി അതെല്ലാം പരിഹരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സമുദായ സമവാക്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായി തിരിക്കുന്നതില്‍ അദ്ദേഹത്തിന്റെ നയതന്ത്രജ്ഞത വലിയ പങ്ക് വഹിച്ചു.
പ്രതിസന്ധികളെ അവസരമാക്കി മാറ്റുന്ന വി.ഡി. സതീശന്റെ രാഷ്ട്രീയ തന്ത്രജ്ഞത കേരളത്തിന് പുതിയൊരു ദിശാബോധം നല്‍കുമെന്നാണ് അണികളുടെയും പൊതുസമൂഹത്തിന്റെയും പ്രതീക്ഷ. താന്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ മൂല്യങ്ങളിലും ഭരണപരമായ കൃത്യതയിലും ഉറച്ചുനിന്നുകൊണ്ട് അദ്ദേഹം കേരളത്തെ നയിക്കുമ്പോള്‍, അത് പുതിയൊരു 'സതീശന് യുഗത്തിന്റെ' തുടക്കമായി മാറും.






