
തിരുവനന്തപുരം: കേരളത്തില്‍ പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ സജീവമാകുമ്പോള്‍, മന്ത്രിസഭയിലെ വകുപ്പുവിഭജനത്തെ ചൊല്ലിയുള്ള ചര്‍ച്ചകളും തര്‍ക്കങ്ങളും കടുക്കുന്നു. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്നെയാകും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുകയെന്നാണ് സൂചന. ഭരണത്തില്‍ ഒന്നിലധികം അധികാരകേന്ദ്രങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാനാണ് ഈ തീരുമാനം.
യുവത്വത്തിനും പുതുമയ്ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒരു മന്ത്രിസഭ രൂപീകരിക്കാനാണ് മുഖ്യമന്ത്രി താല്പര്യപ്പെടുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ രമേശ് ചെന്നിത്തലയ്ക്ക് ധനകാര്യവകുപ്പ് നല്‍കാനാണ് നിലവില്‍ ആലോചന നടക്കുന്നത്. മുഖ്യമന്ത്രി പദവി ലഭിക്കാത്തതിലുള്ള കടുത്ത അമര്‍ഷത്തിലാണ് കെ.സി. വേണുഗോപാല്‍ പക്ഷവും.
ആഭ്യന്തരം, ധനകാര്യം, റവന്യൂ, ആരോഗ്യം, ടൂറിസം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ വേണമെന്നാണ് കെ.സി പക്ഷത്തിന്റെ ആവശ്യം. കൂടാതെ പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ പരിഗണന നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. മന്ത്രിമാരുടെ അന്തിമ പട്ടിക തയ്യാറാക്കുന്നതിനായി കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നിര്‍ണായക നേതൃയോഗങ്ങള്‍ ഇന്ന് നടക്കും. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പ്രധാന വകുപ്പുകളുടെ വിഭജനവും ആശയക്കുഴപ്പത്തിലാണ്.
ഇന്ന് വൈകിട്ട് 4 മണിക്ക് തിരുവനന്തപുരത്ത് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഇതില്‍ വ്യക്തത വരും. തര്‍ക്കങ്ങള്‍ പരിഹരിക്കാനായി കെ.സി. വേണുഗോപാല്‍ ഇന്ന് വൈകിട്ടോടെ തിരുവനന്തപുരത്തെത്തും. ഇരുവിഭാഗങ്ങളുമായും ഹൈക്കമാന്‍ഡ് പ്രതിനിധി ദീപാദാസ് മുന്‍ഷിയുടെ നേതൃത്വത്തില്‍ അനുരഞ്ജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അതിനിടയില്‍ രമേശ് ചെന്നിത്തലയുമായും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമായും ഇന്ന് കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുകയാണ് സതീശന്‍.






