
പാരീസ്: ഫിഫ റാങ്കിങ്ങിലെ ഒന്നാം നമ്പറുകാരായ ഫ്രാന്‍സ് ഇത്തവണ ലോകകപ്പ് തൂക്കാന്‍ ഉറച്ചുതന്നെയാണ്. 2018-ല്‍ മുത്തമിട്ടെങ്കിലും 2022-ല്‍ കൈയ്യെത്തും ദൂരത്ത് നഷ്ടമായ കപ്പ് 2026-ല്‍ ദെഷാംപ്സിന് ഒരു മാസ്സ് ഫെയര്വെല്ലായി നല്കുന്ന എന്ന ഒറ്റ ലക്ഷ്യത്തിലാണ് ഫ്രാന്‍സ്.
തുടര്‍ച്ചയായ നാലാം ലോകകപ്പിന് ശേഷം സൂപ്പര്‍ കോച്ച് ദിദിയര്‍ ദെഷാംപ്സ് പടിയിറങ്ങുമ്പോള്‍, അദ്ദേഹത്തിന് നല്കാന് പറ്റിയ ഏറ്റവും മികച്ച സ്ക്വാഡിനെയാണ് ഫ്രാന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. റയല്‍ മാഡ്രിഡില്‍ ഈ സീസണില്‍ കുറച്ചൊന്ന് വിയര്‍ത്തുവെങ്കിലും, ലോകകപ്പ് എന്ന് കേട്ടാല്‍ ഫോമിലേക്ക് ഉയരുന്ന കിലിയന്‍ എംബാപ്പെ തന്നെയാണ് ഈ സംഘത്തിന്റെ നായകന്. ഒപ്പം 2025-ലെ ബാലന് ഡി ഓര് സ്വന്തമാക്കിയ പി.എസ്.ജിയുടെ വിങ് സുല്‍ത്താന്‍ ഉസ്മാന് ഡെംബെലെയും ചേരുമ്പോള്‍ കളി വേറെ ലെവലാകും!
പരിചയസമ്പന്നരായ എന്‍ഗോളോ കാന്റെയും റാബിയോട്ടും ടീമിലുണ്ടെങ്കിലും, റയല്‍ മാഡ്രിഡ് താരം എഡ്വേര്‍ഡോ കാമവിംഗയെ ദെഷാംപ്സ് ഇത്തവണ ടീമില്‍ എടുത്തില്ല. പകരം ക്രിസ്റ്റല്‍ പാലസിന്റെ ഡിഫെന്‍ഡര്‍ മാക്സെന്‍സ് ലാക്രോയിക്സിനാണ് നറുക്ക് വീണത്.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഡാസ്ലിങ് പ്ലേമേക്കര്‍ റയാന് ചെര്‍ക്കിയും ബയേണ്‍ മ്യൂണിക്കിന്റെ മിന്നും താരം മൈക്കല്‍ ഒലീസും ഇത്തവണ ടീമിന്റെ എക്സ്-ഫാക്ടറുകളാകും. ലിവര്‍പൂളിനായി 17 ഗോളുകള്‍ അടിച്ചുകൂട്ടിയ ഹ്യൂഗോ എകിറ്റികെയ്ക്ക് പരിക്കേറ്റത് ഫ്രാന്‍സിന് തിരിച്ചടിയാണ്.
ഇതിഹാസ താരം അന്റോയിന്‍ ഗ്രീസ്മാന് വിരമിച്ചെങ്കിലും ഈ ഫോര്‍വേഡ് ലൈന്‍ ഏത് പ്രതിരോധപ്പൂട്ടും പൊളിക്കാന്‍ പോന്നതാണ്. ഗ്രൂപ്പ് 'ഐ'യില്‍ നോര്‍വേ, സെനഗല്‍, ഇറാഖ് എന്നിവര്‍ക്കൊപ്പമാണ് ഫ്രാന്‍സ് മാറ്റുരയ്ക്കുന്നത്. ദെഷാംപ്സിന് തന്റെ കരിയര്‍ ഒരു ലോകകപ്പ് വിജയത്തോടെ അവസാനിപ്പിക്കാന്‍ കഴിയുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം!





