
തിരുവനന്തപുരം: എസ്കോര്‍ട്ട് വാഹനങ്ങളുടെ എണ്ണം കുറച്ച് ആദ്യ നിര്‍ദേശം നല്കി നിയുക്തമുഖ്യമന്ത്രി വി.ഡി. സതീശന്. തനിക്ക് വാഹനവ്യൂഹം വേണ്ടെന്നും റോഡ് പൈലറ്റ് മാത്രം മതിയെന്നും അകമ്പടി വേണ്ടെന്നും ഡിജിപിയോട് നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ വാഹനവ്യുഹത്തിന്റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും സഞ്ചരിക്കുന്ന സ്ഥലത്ത് റോഡ് ബ്ളോക്ക് ചെയ്യുന്ന പതിവും ഒഴിവാക്കാനും ആവശ്യപ്പെട്ടു.
അതേസമയം പ്രോട്ടോകോള്‍ പ്രകാരമുള്ള എസ്കോര്‍ട്ട് വാഹനം ഒഴിവാക്കാനാകില്ലെന്നും അതുകൂടി വേണ്ടിവരുമെന്നും ഡിജിപി മറുപടി നല്കി. ഇതോടെ മുന്നില്‍ പൈലറ്റും എസേകാര്ട്ടും മാത്രമായിരിക്കും ഉള്ളത്. റോഡ് ബ്ളോക്കാക്കി മിനിറ്റുകളോളം ആള്‍ക്കാരെ ബുദ്ധിമുട്ടിക്കുന്ന പരിപാടി വേണ്ടെന്നും പറഞ്ഞു. മുമ്പ് മുഖ്യമന്ത്രിമാരുടെ കാവല്‍ വാഹനങ്ങളുടെ എണ്ണം പലപ്പോഴും വാര്‍ത്തകളിലും നിറഞ്ഞിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ വലിയ എസ്കോര്‍ട്ട് വ്യൂഹം കാരണം പൊതുജനങ്ങള്‍ക്ക് റോഡില്‍ യാത്രാതടസ്സവും ബുദ്ധിമുട്ടും ഉണ്ടാകുന്നു എന്ന് പ്രതിപക്ഷം വിമര്‍ശനവും ഉയര്‍ത്തിയിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് സുരക്ഷാ വാഹനങ്ങളുടെ എണ്ണം നിശ്ചയിക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം.






