
കാസര്‍ഗോഡ് : കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന വാഗ്ദാനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി മഹിളാ മോർച്ചയുടെ പ്രതിഷേധം. ബസിൽ കയറി ഇരുന്നാണ് വനിതാ പ്രവർത്തകർ പ്രതിഷേധം നടത്തിയത്. കാസർഗോഡ്, കോഴിക്കോട് കെഎസ്ആർടിസി ടെർമിനലുകളിൽ പ്രവർത്തകർ ബസുകൾ തടയുകയും ഉപരോധിക്കുകയും ചെയ്തു.
സ്ത്രീകളുടെ വോട്ട് വാങ്ങി അവരെ വഞ്ചിക്കുകയാണ് വി.ഡി. സതീശൻ ചെയ്തതെന്ന് അശ്വിനി ആരോപിച്ചു.30-ഓളം മഹിളാ മോർച്ച പ്രവർത്തകർ കാസർകോട് കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്ത് എത്തി. മംഗ്ളൂരു ഭാഗത്തേക്കുള്ള ബസിൽ കയറിയെങ്കിലും ബസ് എടുക്കാൻ ഡ്രൈവർക്ക് നിർദേശം ലഭിച്ചില്ല. ഇതോടെ ഡിപ്പോ കവാടം ഉപരോധിച്ചെങ്കിലും പോലീസ് തടഞ്ഞു.ജില്ലാ നേതാക്കളെ ഉൾപ്പെടെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലേക്ക് പ്രവർത്തകർ മാർച്ച് നടത്തി.
അതേസമയം മെയ് മാസം 15 മുതൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നായിരുന്നു യുഡിഎഫ് വാഗ്ദാനം. ഇന്ന് മെയ് 15 ആണെന്നും അതിനാൽ തീരുമാനം നടപ്പിലാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ നിലവിൽ വരാനിരിക്കുന്നതേയുള്ളൂ. പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത് തീരുമാനമെടുത്താൽ മാത്രമേ ഇത്തരമൊരു വാഗ്ദാനം ഔദ്യോഗികമായി നടപ്പിലാക്കാൻ സാധിക്കൂ എന്ന വസ്തുത നിലനിൽക്കെയാണ് പ്രതിഷേധം ശക്തമാകുന്നത്.






