
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെുടുപ്പില്‍ 102 സീറ്റുകളുടെ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്ന വി. ഡി. സതീശന് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വന്‍ ജനപങ്കാളിത്തത്തോടെ ഗംഭീരമാക്കാനുള്ള ഒരുക്കങ്ങളാണ് തലസ്ഥാനത്ത് പുരോഗമിക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇതിനായുള്ള കൂറ്റന്‍ പന്തലിന്റെ നിര്‍മ്മാണം നടന്നുവരുന്നു.
പന്തലിനകത്ത് 12,000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും. ചടങ്ങ് വീക്ഷിക്കാന്‍ അമ്പതിനായിരത്തോളം ആളുകള്‍ എത്തുമെന്നാണ് പൊതുഭരണ വകുപ്പിന്റെ കണക്കുകൂട്ടല്‍. പന്തലിന് പുറത്ത് നില്‍ക്കുന്നവര്‍ക്കും ചടങ്ങുകള്‍ വ്യക്തമായി കാണാനുള്ള വിപുലമായ ക്രമീകര ണങ്ങള്‍ സ്റ്റേഡിയത്തില്‍ ഒരുക്കുന്നുണ്ട്. പുതിയ യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരെയും അവര്‍ക്കുള്ള വകുപ്പുകളെയും കുറിച്ചുള്ള അന്തിമ ചിത്രം ഇന്ന് തെളിയും.
വകുപ്പുവിഭജനവുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്ന് രാവിലെ 10 മണിക്ക് കന്റോണ്‍മെന്റ് ഹൗസില്‍ ആരംഭിക്കും. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി എന്നിവരും ഈ നിര്‍ണായക യോഗങ്ങളില്‍ പങ്കാളികളാകും.
ഇന്നലെ യുഡിഎഫ് യോഗം ചേര്‍ന്നിരുന്നെങ്കിലും അന്തിമ തീരുമാനത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ ഓരോ ഘടകകക്ഷികളുമായും പ്രത്യേകം ചര്‍ച്ചകള്‍ നടത്തി ധാരണയിലെത്താനാണ് ഇപ്പോഴത്തെ തീരുമാനം. അതിനിടയില്‍ മുസ്ളീംലീഗ് പഴയത് പോലെ അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന തങ്ങളുടെ മുന്‍ നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുകയാണ്.
കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം രണ്ട് മന്ത്രിസ്ഥാനങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രിസ്ഥാനത്തേക്ക് മോന്‍സ് ജോസഫിനാണ് പ്രഥമ പരിഗണന. അപു ജോണ്‍ ജോസഫിനെയും പരിഗണിക്കുന്നുണ്ട്. തോമസ് ഉണ്ണിയാടന്റെ പേരും ചര്‍ച്ചകളിലുണ്ട്. രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കാത്ത പക്ഷം, ഇവരിലൊരാള്‍ക്ക് ചീഫ് വിപ്പ് പദവി നല്‍കിയേക്കും. അപു ജോണ്‍ ജോസഫിനാണ് കൂടുതല്‍ സാധ്യത പറയുന്നത്.






