
മലപ്പുറം: സംസ്ഥാനത്ത് യു.ഡി.എഫ് മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായിരിക്കെ, മുസ്ലിം ലീഗിന്റെ മന്ത്രിമാരെയും അവര്‍ക്ക് ലഭിക്കേണ്ട വകുപ്പുകളെയും കുറിച്ചുള്ള ഏകദേശ ധാരണയായി. വിദ്യാഭ്യാസ വകുപ്പ് ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകള്‍ സ്വന്തമാക്കാനാണ് ലീഗിന്റെ നീക്കം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച ഉണ്ടായേക്കുമെന്നാണ് സൂചന.
അഞ്ച് മന്ത്രിസ്ഥാനങ്ങളാണ് ലീഗ് ഇത്തവണയും മുന്നണിയില്‍ ആവശ്യപ്പെടുന്നത്. ചര്‍ച്ചകളുടെ ആദ്യഘട്ടത്തില്‍ ഉയരാതിരുന്ന മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകനായ വി.ഇ. അബ്ദുള്‍ ഗഫൂറിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചതാണ് ലീഗിന്റെ പട്ടികയിലെ പ്രധാന സര്‍പ്രൈസ്. പ്രാദേശിക പ്രതിനിധ്യത്തിനായി സമ്മര്‍ദ്ദം ശക്തമാക്കാനും മുസ്ളീംലീഗ് നീക്കം നടത്തുന്നുണ്ട്. യുഡിഎഫിന് വലിയ വിജയം സമ്മാനിച്ച മലബാര്‍ മേഖലയില്‍ നിന്ന് കൂടുതല്‍ പ്രാദേശിക പ്രതിനിധ്യം വേണമെന്ന ആവശ്യവും ശക്തമാണ്.
പി.കെ. കുഞ്ഞാലിക്കുട്ടി: ഐ.ടി, വ്യവസായം, എന്‍. ഷംസുദ്ദീന്: വിദ്യാഭ്യാസം, കെ.എം. ഷാജി: തദ്ദേശ സ്വയംഭരണം, പി.കെ. ബഷീര്‍: ന്യൂനപക്ഷ ക്ഷേമം, പ്രവാസി ക്ഷേമം വി.ഇ. അബ്ദുള്‍ ഗഫൂര്‍: പൊതുമരാമത്ത് എന്നിങ്ങനെയാണ് മുസ്ളീംലീഗ് അഭിലഷിക്കുന്ന മന്ത്രിസ്ഥാനങ്ങള്‍. മഞ്ചേശ്വരത്തുനിന്ന് വിജയിച്ച എ.കെ.എം. അഷ്റഫിനെ മന്ത്രിസഭയിലേക്ക് പരിഗണിക്കണമെന്നാണ് ആവശ്യ കാസര്‍ഗോഡ് ജില്ലയില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ആറ് എം.എല്‍.എമാരെ വിജയിപ്പിച്ച കോഴിക്കോടിന് മന്ത്രിസ്ഥാനം നല്‍കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോട്് ജില്ലയ്ക്ക് ഒരു മന്ത്രിസ്ഥാനത്തിന് സാധ്യത കല്‍പ്പിക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ അല്ലെങ്കില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ. ജയന്ത് എന്നിവരിലൊരാള്‍ മന്ത്രിയായേക്കും. സമാനമായ രീതിയില്‍ ഒരാവശ്യം ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തില്‍ ഉയര്‍ത്താന്‍ കാസര്‍കോട് ജില്ലയിലെ നേതാക്കളും ആലോചിക്കുന്നുണ്ട്.






