
തിരുവനന്തപുരം: കേരളത്തില്‍ മന്ത്രിസഭയുമായി ബന്ധപ്പെട്ട് തീരുമാനം വലിയ ചര്‍ച്ചകള്‍ക്ക് വിധേയമാകുമ്പോള്‍ മുസ്ളീംലീഗിന്റെ ആവശ്യം തുടക്കത്തിലേ തള്ളി കോണ്‍ഗ്രസ്. മുസ്ളീംലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം കോണ്‍ഗ്രസ് തള്ളി. നാലു മന്ത്രിമാരെ അനുവദിക്കാനേ നിലവില്‍ സാഹചര്യം ഉള്ളെന്നും ആദ്യഘട്ടത്തില്‍ ലീഗിന്റെ ആവശ്യം പരിഗണിക്കാനാകില്ലെന്നുമാണ് കോണ്‍ഗ്രസ് എടുത്തിട്ടുള്ള നിലപാട്.
ഘടകകക്ഷി നേതാക്കളുമായി കന്റേണ്‍മെന്റ് ഹൗസില്‍ നിര്‍ണ്ണായക കൂടിക്കാഴ്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ലീഗുമായി ഉടന്‍ നടക്കാനിരിക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ലീഗിന്റെ നിലപാട് നിര്‍ണ്ണായകമായിരിക്കും. അഞ്ചു മന്ത്രിമാരില്‍ ലീഗ് ഉറച്ചു നില്‍ക്കുമോ എന്ന കാര്യം വരാനിരിക്കുകയാണ്. 22 എംഎല്‍എ മാര്‍ ഉള്ള മുസ്ളീംലീഗ് യുഡിഎഫിന്റെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെയും വിജയത്തില്‍ വടക്കന്‍ കേരളത്തില്‍ നിര്‍ണ്ണായകമായിരുന്നു. മലബാര്‍ കേന്ദ്രീകരിച്ചുള്ള കോണ്‍ഗ്രസ്എംഎല്‍എ മാരുടെ വിജയത്തില്‍ ലീഗിന്റെ പ്രവര്‍ത്തനമുണ്ടായിരുന്നു.
അഞ്ചുമന്ത്രിമാര്‍ എന്ന ആവശ്യം അംഗീകരിക്കാനാകില്ലെങ്കിലും ലീഗിന് മുമ്പ് അനുവദിച്ച വകുപ്പുകള്‍ നിലനിര്‍ത്തും. അഞ്ചാം മന്ത്രിക്ക് പകരമായി ഭരണപരിഷ്ക്കാര കമ്മീഷനോ മറ്റേതെങ്കിലും ക്യാബിനറ്റ് പദവികളോ നല്‍കുമോ എന്ന കാര്യവും പിന്നാലെ വരും. അതേസമ്യം ഭരണപരിഷ്ക്കാര കമ്മീഷന് സ്ഥാനം കോര്‍കമ്മറ്റിയോഗം ചേര്‍ന്നേ തീരുമാനം എടുക്കാനാകു. ഇത് ലീഗ് അംഗീകരിക്കുമോ എന്നാണ് അറിയേണ്ടത്.






