
തിരുവനന്തപുരം: മന്ത്രിസ്ഥാനങ്ങളും വകുപ്പുകളുമെല്ലാം സംബന്ധിച്ച ചര്‍ച്ചകള്‍ വലിയ രീതിയില്‍ പുരോഗമിക്കുമ്പോള്‍ മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച മുഖ്യമന്ത്രിക്കൊപ്പം പ്രതിജ്ഞ നടത്തുമെന്നും മന്ത്രിമാരുടെ പട്ടിക നാളെ ഗവര്‍ണ്ണര്‍ക്ക് നല്‍കുമെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്. ലീഗ് നേതാക്കളുമായി വി.ഡി. സതീശന് കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മാധ്യമങ്ങളെ കണ്ടത്.
തെരഞ്ഞെടുപ്പില്‍ 140 സീറ്റുകള്‍ വിഭജിച്ചപോലെ മന്ത്രിമാരുടെ കാര്യത്തിലും മനോഹരമായ പങ്കിടല്‍ നടക്കുമെന്നും പറഞ്ഞു. ലീഗ് യുഡിഎഫിലെ പ്രധാന ശക്തിയാണെന്നും കോണ്‍ഗ്രസും ലീഗും സഹോദര സംഘടനകളാണെന്നും നാടിന് മാറ്റമുണ്ടാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ മതേതര നിലപാടിന് പിന്‍ബലമായി പ്രവര്‍ത്തിച്ചത് ലീഗാണെന്നും മുനമ്പം അടക്കമുള്ള പ്രശ്നങ്ങള്‍ ലീഗിന്റെ പ്രതികരണം തന്നെ വിസ്മയിപ്പിച്ചെന്നും വി.ഡി. സതീശന് വ്യക്തമാക്കി.
വര്‍ഗ്ഗീയ വിദ്വേഷം നടത്തുന്ന ഒരു പ്രസ്താവനയും നടത്താതെ ലീഗ് നേതൃത്വം സംയമനത്തോടെയാണ് പെരുമാറിയതെന്നും ഇനി ഭിന്നിപ്പിക്കാന്‍ ശ്രമം ഉണ്ടായാല്‍ ചുട്ട മറുപടി നല്‍കുമെന്നും പറഞ്ഞു. വിഡി. സതീശന് കേരളം അര്‍ഹിക്കുന്ന ഭരണാധികാരിയെന്നാണ് മുസ്ളീംലീഗ് നേതാക്കള്‍ പ്രതികരിച്ചത്. തെരഞ്ഞെടുപ്പിലെ വിജയത്തില്‍ അഭിനന്ദിക്കാന്‍ വേണ്ടിയായിരുന്നു സതീശന് എത്തിയത്.






