
തിരുവനന്തപുരം : കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ. ഹൈക്കമന്റ് അംഗീകാരത്തോടെ ഇന്ന് ഗവർണ്ണർക്ക് കൈമാറും. നാളെ കൈമാറാനായിരുന്നു നേരത്തെയുള്ള തീരുമാനം. ലീഗിന് 5 മന്ത്രിസ്ഥാനം നൽകും. പാറക്കൽ അബ്ദുള്ള, പി കെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, എൻ ഷംസുദ്ദീൻ, വി ഇ ഗഫൂർ എന്നിവരെയാണ് മന്ത്രിമാരായി നിർദേശിച്ചിരിക്കുന്നത്. ലീഗിന് മന്ത്രിസഭയ്ക്ക് പുറത്ത് ക്യാബിനറ്റ് പദവി കൂടി നൽകാൻ സാധ്യതയില്ല.
പി കെ ബഷീറിന് മന്ത്രിസ്ഥാനം ഇല്ല. നേതൃയോഗത്തിലാണ് തീരുമാനം. മുസ്ലിം ലീഗ് കൈവശം വെച്ചിരിക്കുന്ന വിദ്യാഭ്യാസ വകുപ്പ് തിരിച്ചെടുക്കുന്നതിലും കോൺഗ്രസിൽ ആലോചന നടക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിന് പകരം, മറ്റൊരു വകുപ്പ് നൽകുന്നതാണ് പരിഗണനയിലുള്ളത്. ചീഫ് വിപ്പ് പദവി വേണ്ടെന്നു വയ്ക്കുന്നതും യുഡിഎഫ് പരിഗണിക്കുന്നുണ്ട്.
മറ്റ് ഘടകകക്ഷികളും തങ്ങൾക്ക് അർഹമായ പ്രധാന വകുപ്പുകൾക്കായി സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. സി. എം. പി ഇത്തവണ തുറമുഖ വകുപ്പാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ആർ. എസ്. പി മൂന്ന് പ്രധാന വകുപ്പുകളിലാണ് കണ്ണ് വെച്ചിരിക്കുന്നത്. വൈദ്യുതി, ജലവിഭവം, ടൂറിസം വകുപ്പുകൾ തങ്ങൾക്ക് വേണമെന്നാണ് ആർ. എസ്. പിയുടെ ആവശ്യം. കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തങ്ങളുടെ ആവശ്യങ്ങൾ മുന്നണിക്ക് മുന്നിൽ വെച്ചിട്ടുണ്ട്. പൊതുമരാമത്ത് അല്ലെങ്കിൽ റവന്യൂ വകുപ്പുകളിൽ ഒന്ന് വേണമെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ പ്രധാന ഡിമാൻഡ്.






