
സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നെത്തി തന്റേതായ ഒരു മേല്‍വിലാസം ബിഗ് സ്ക്രീനില്‍ നേടിയെടുത്ത അഭിനേത്രിയാണ് കല്യാണി പ്രിയദര്‍ശന്‍. ആദ്യ സിനിമകളിലൂടെ തന്നെ കല്യാണി ഒരു മികച്ച അഭിനേത്രിയാണെന്ന് തെളിയിച്ചതാണ്. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് താരത്തിന് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ‘ലോക’ എന്ന ചിത്രം കിട്ടിയത്. അതിലെ ‘നീലി’ എന്ന കഥാപാത്രത്തിലൂടെ ഇന്ത്യയുടെ ആദ്യ ‘ലേഡി സൂപ്പർ ഹീറോ’ എന്ന പദവിയും കല്യാണി സ്വന്തമാക്കി. തീയേറ്ററുകളില്‍ നിന്ന് 300 കോടിയിലധികം കളക്ഷൻ നേടിയ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ തെന്നിന്ത്യയെ പ്രതിനിധീകരിച്ചാണ് കല്യാണി കാനിലെത്തിയിരുന്നു.
ഇപ്പോഴിതാ കാനിലെ റെഡ് കാർപെറ്റില്‍ ചരിത്ര സാന്നിധ്യമായി മാറിയ തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയാണ് കല്യാണി പ്രിയദര്‍ശന്‍. താരം തന്നെ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ കാനിലെത്തിയ സന്തോഷം പങ്കുവച്ചിട്ടുണ്ട്. തന്റെ കരിയറിലെ ആദ്യ കാൻ വേദി മനോഹരമായ ഫാഷൻ ചോയ്‌സ് കൊണ്ടാണ് താരം അവിസ്മരണീയമാക്കിയത്. റോയല്‍ ബ്ലാക്കും ഡീപ് മെറൂണും ഒത്തുചേർന്ന ഡിസൈനര്‍ ഗൗണ്‍ ധരിച്ചുള്ള ചിത്രങ്ങളാണ് താരം പങ്കിട്ടിരിക്കുന്നത്. ബാക്ക് ലെസ് ഷോള്‍ഡര്‍ ലെസ് ഗൗണിനൊപ്പം കല്യാണ്‍ ജ്വലേഴ്സിന്റെ ഹൈ-ജ്വല്ലറിയും സംയോജിപ്പിച്ചായിരുന്നു കല്യാണിയുടെ ലുക്ക്.
എലഗന്റ് ആൻഡ് പവർഫുള്‍ ലുക്കിലുള്ള താരത്തിന്റെ ഔട്ട്ഫിറ്റില്‍ കല്യാണ്‍ ജ്വല്ലേഴ്സിന്റെ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത കോച്ചര്‍ ആഭരണസൃഷ്ടിയാണുണ്ടായിരുന്നത്. ക്ലാസിക് ലാരിയറ്റ് ഡിസൈനിനെ ശില്‍പസൗന്ദര്യമുള്ള 14K വൈറ്റ് ഗോള്‍ഡില്‍ നിർമ്മിച്ചതാണ്. അപൂർവ നിറങ്ങളും ജിയോമെട്രിക് ഡീറ്റെയിലിംഗും മനോഹരമായി ഉള്‍ക്കൊള്ളിച്ച ഇതില്‍ റൂബി, ടൂർമലൈൻ, ക്രിസ്റ്റല്‍, പെരിഡോട്ട് എന്നിവ ഉള്‍പ്പെടെ പതിനൊന്ന് രത്നക്കല്ലുകളും 533 പ്രകൃതിദത്ത ഡയമണ്ടുകളും ചേർന്നതാണ്. ഈ ഡിസൈൻ 45 ദിവസത്തെ കരകൗശല പണിപ്പുരയിലൂടെ രൂപം കൊണ്ടതാണ്. റെഡ് കാർപെറ്റ് ലുക്കിന് അതുല്യമായ ഭംഗിയും ഒഴുക്കും നല്‍കുന്ന ഡിസൈൻ ആയിരുന്നു ഇത്.
ഫാഷൻ പ്രേമികളുടെ കണ്ണഞ്ചിപ്പിക്കുന്ന ലുക്കിലുള്ള താരത്തിന്റെ വശ്യമായ പുഞ്ചിരിയും ആത്മവിശ്വാസം തുളുമ്പുന്ന വാക്കിംഗും കൂടിയായപ്പോള്‍ റെഡ് കാർപെറ്റില്‍ കല്യാണി ഒരു വിസ്മയമായി മാറി. സ്റ്റൈലിഷ് ലുക്കിലുള്ള ഈ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഫാഷൻ ട്രെൻഡായി മാറിക്കഴിഞ്ഞു. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വൻതോതില്‍ തരംഗമായി മാറിയിരിക്കുകയാണ്.
റെഡ് കാർപെറ്റിന് തൊട്ടുമുമ്പ് കാൻ ഫിലിം ഫെസ്റ്റിവലിലെ ഇന്ത്യൻ പവലിയൻ സന്ദർശിച്ചപ്പോഴും കല്യാണി തന്റെ ഫാഷൻ സെൻസ് കൃത്യമായി അടയാളപ്പെടുത്തിയിരുന്നു. വൈറ്റ് സ്ലീവ്‌ലെസ് ബ്ലേസർ സ്റ്റൈല്‍ ടോപ്പും അതിനൊപ്പം മാച്ച് ചെയ്ത ഫ്ലോർ ലെങ്ത് സ്കർട്ടും ധരിച്ചാണ് താരം എത്തിയത്. മിനിമലിസ്റ്റിക് അക്സസറീസും ബോള്‍ഡ് ലുക്കും ചേർന്ന ഈ ഔട്ട്ഫിറ്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കാനിലെ തിളക്കത്തിന് പിന്നാലെ ബോളിവുഡിലേക്കും ചുവടുവെക്കാൻ ഒരുങ്ങുകയാണ് താരം. പ്രശസ്ത സംവിധായകൻ ജെയ് മീത്ത ഒരുക്കുന്ന ‘പ്രളയ’ എന്ന ചിത്രത്തിലൂടെയാണ് കല്യാണിയുടെ ബോളിവുഡ് അരങ്ങേറ്റം. ഒരു സോംബി സർവൈവല്‍ ആക്ഷൻ വിഭാഗത്തില്‍പ്പെടുന്ന ചിത്രമായിരിക്കും ഇതെന്നാണ് സിനിമാ ലോകത്ത് നിന്നുള്ള സൂചനകള്‍. രണ്‍വീർ സിംഗിനൊപ്പമാണ് താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം എന്നാണ് സൂചനകള്‍.
മിത്തും ഐതിഹ്യവും യാഥാർഥ്യവുമൊക്കെ കൂട്ടിക്കലർത്തിയാണ് ഡൊമിനിക് അരുണും കൂട്ടരും ‘ലോക’ എന്ന ചിത്രം അവതരിപ്പിച്ചത്. ആധുനിക ലോകത്തിലെ വെല്ലുവിളികളെ മറികടക്കുന്ന ഒരു അമാനുഷിക ജീവിയായ നീലി എന്നറിയപ്പെടുന്ന ചന്ദ്ര ആയിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.






