
വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചൈനാ സന്ദര്‍ശനത്തിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള അവിശ്വാസം വ്യക്തമാക്കുന്ന സംഭവങ്ങള്‍ പുറത്ത്. സന്ദര്‍ശനം കഴിഞ്ഞു മടങ്ങാനൊരുങ്ങുമ്പോള്‍ ചൈനീസ് അധികൃതര്‍ നല്കിയ ഫോണുകളും സമ്മാനങ്ങളുമുള്പ്പെടെ മുഴുവന്‍ സാധനങ്ങളും യു.എസ് ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ബെയ്ജിങ് ക്യാപിറ്റല്‍ എയര്‍പോര്‍ട്ടില്‍നിന്ന് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്സ് വണ്ണിലേക്കു കയറുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം.
ചൈനീസ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് സൈബര്‍ ചാരവൃത്തിക്കും നിരീക്ഷണങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ അവയെ പ്രതിരോധിക്കാനാണു നടപടിയെന്നാണു സൂചന.
ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടര്‍ എമിലി ഗുഡിന് സമൂഹമാധ്യമത്തില്‍ കുറിച്ചതനുസരിച്ച്, ചൈനയില്‍നിന്നുള്ള ഒരു വസ്തുവും വിമാനത്തില്‍ പ്രവേശിപ്പിക്കരുതെന്ന കര്‍ശന നിര്‍ദേശം യു.എസ് പ്രതിനിധിസംഘത്തിനു ലഭിച്ചിരുന്നു. ഇതനുസരിച്ച് ചൈനീസ് ആതിഥേയര്‍ നല്കിയ എല്ലാ വസ്തുക്കളും ബെയ്ജിങ്ങില്‍നിന്നു പുറപ്പെടുംമുമ്പ് എല്ലാവരും ഉപേക്ഷിച്ചു. സമ്മാനങ്ങള്‍, ബാഡ്ജുകള്‍, പിന്നുകള്‍ തുടങ്ങിയവയെല്ലാം വിമാനത്താവളത്തിലെ ചവറ്റുകൂടയിലേക്ക് എറിയുകയായിരുന്നു. ചൈനീസ് ബന്ധമുള്ള ഒരു വസ്തുവും വിമാനത്തില്‍ കയറ്റാന്‍ അനുവാദമുണ്ടായിരുന്നില്ലെന്നും എമിലി ഗുഡിന്റെ കുറിപ്പില്‍ പറയുന്നു.
കടുത്ത സൈബര്‍ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി യു.എസ്. സംഘത്തിലെ ആരുംതന്നെ തങ്ങളുടെ വ്യക്തിഗത ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചൈനയിലേക്കു കൊണ്ടുപോയിരുന്നില്ല. താല്‍ക്കാലികമായി ഉപയോഗിക്കാന്‍ സാധിക്കുന്ന 'ക്ലീന്‍ ബര്‍ണര്‍' ഫോണുകളാണ് കൈവശമുണ്ടായിരുന്നത്. ഇത്തരം താല്‍ക്കാലിക ഉപകരണങ്ങള്‍ പിന്നീട് നശിപ്പിച്ചു കളയുന്നതാണു രീതി. ഇലക്ട്രോണിക് ഉപകരണങ്ങള്‍ വഴിയോ സമ്മാനങ്ങള്‍ വഴിയോ ചൈന വിവരങ്ങള്‍ ചോര്‍ത്തിയേക്കാമെന്ന വാഷിങ്ടണിന്റെ ആശങ്കയാണ് സംഭവത്തിലൂടെ നിഴലിക്കുന്നത്.
ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ചകള്‍ സൗഹാര്‍ദപരമായാണു പുറംലോകം കണ്ടതെങ്കിലും ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ കടുത്ത തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ബെയ്ജിങ്ങിലെ 'ടെമ്പിള്‍ ഓഫ് ഹെവന്‍' സന്ദര്‍ശിക്കുമ്പോള്‍ യു.എസ്. മാധ്യമസംഘത്തെ അനുഗമിച്ച സീക്രട്ട് സര്‍വീസ് ഏജന്റിന്റെ പക്കല്‍ തോക്കുണ്ടെന്ന കാരണത്താല്‍ ചൈനീസ് അധികൃതര്‍ പ്രവേശനം നിഷേധിക്കാന്‍ ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ ഒന്നര മണിക്കൂറോളം തര്‍ക്കമുണ്ടാകുകയും മാധ്യമങ്ങള്‍ക്കുള്ള പ്രവേശനം വൈകുകയും ചെയ്ത വിവരം പുറത്തുവന്നു.
വ്യാപാരത്തര്‍ക്കങ്ങള്‍, സാങ്കേതികവിദ്യയിലെ മത്സരം, തായ്വാന് വിഷയം, ഇറാന് യുദ്ധം തുടങ്ങിയ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത ഭിന്നത നിലനില്‍ക്കെയായിരുന്നു ട്രംപിന്റെ ചൈനാ സന്ദര്‍ശനം. ട്രംപും സംഘവും വാഷിങ്ടണില്‍ തിരിച്ചെത്തിയെങ്കിലും സാധനങ്ങള്‍ ചവറ്റുകുട്ടയില്‍ തള്ളിയതു സംബന്ധിച്ച് വൈറ്റ്ഹൗസ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.



