ടെഹ്റാന്: യു.എസിന്റെ ഭീഷണി വിലപ്പോകില്ലെന്നും യുദ്ധത്തിനു തയാറാണെന്നും ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തിരിച്ചടിച്ചു.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കാന്‍ പുതിയ സംവിധാനം നടപ്പാക്കാന്‍ തയാറെടുക്കുന്നതായും ഇറാന് വ്യക്തമാക്കി. നിര്‍ദിഷ്ട സംവിധാനങ്ങള്‍ക്കു കീഴില്‍ നടപ്പാക്കുന്ന 'പ്രത്യേക സേവനങ്ങള്‍'ക്ക് ഫീസ് ഈടാക്കാന്‍ പദ്ധതിയുണ്ടെന്നും വിവരം.
ഇറാനിയന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി അധ്യക്ഷന്‍ ഇബ്രാഹിം അസീസിയെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യാന്തര ചരക്കുഗതാഗതത്തിന്റെ ജീവനാഡിയായ ഹോര്‍മുസിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരത്തിന് പ്രത്യേക 'റൂട്ട്' ക്രമീകരിക്കാനാണ് ഇറാന് ആലോചിക്കുന്നത്. ഈ റൂട്ടിന് അന്തിമരൂപം നല്‍കിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലൂടെ വാണിജ്യ കപ്പലുകള്‍ക്ക് അകമ്പടി സേവിക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ രൂപീകരിച്ച 'പ്രോജക്ട് ഫ്രീഡം' സമുദ്ര സുരക്ഷാ സഖ്യവുമായി ബന്ധമുള്ള ഓപ്പറേറ്റര്‍മാര്‍ക്ക് ഈ റൂട്ടിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. വാണിജ്യ കപ്പലുകള്‍ക്കും ഇറാനുമായി സഹകരിക്കുന്ന കക്ഷികള്‍ക്കും മാത്രമേ ഈ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കൂയെന്നും അസീസി വ്യക്തമാക്കി. ഈ മാര്‍ഗം അവലംബിക്കുന്നവരില്നിന്ന് 'സേവനങ്ങളുടെ ഗണ'ത്തില്പ്പെടുത്തി പ്രത്യേക ഫീസ് ഈടാക്കാനാണ് ഇറാന്റെ നീക്കമെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാനോട് ശത്രുത പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്കുമുന്നില്‍ ഹോര്‍മുസ് തുടര്‍ന്നും അടഞ്ഞുതന്നെ കിടക്കുമെന്നും അസീസി ആവര്‍ത്തിച്ചു. അമേരിക്കയുടെയോ ഇസ്രയേലിന്റെയോ പേര് പരാമര്‍ശിക്കാതെയാണ് അസീസിയുടെ മുന്നറിയിപ്പ്. ഹോര്‍മുസിനു മേലുള്ള ഇറാന്റെ സ്വാധീനം തകര്‍ക്കാന്‍ വാഷിങ്ടണും സഖ്യകക്ഷികളും നടത്തുന്ന ശ്രമങ്ങളെ ശക്തിയുക്തം എതിര്‍ക്കുന്നതു തുടരുമെന്നും ഇറാന് വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കിലൂടെ ചരക്കുനീക്കം അനിശ്ചിതത്വത്തിലായതു രാജ്യാന്തര സമ്പദ്വ്യവസ്ഥയെ തകിടം മറിക്കുമെന്ന ആശങ്കയ്ക്കിടെയാണു പുതിയ സംഭവവികാസങ്ങള്‍. ഇറാനും യു.എസും തമ്മില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പരസ്പരം ഭീഷണികള്‍ മുഴക്കുന്നത് തുടരുന്നത് ഇരുപക്ഷത്തെയും ചര്ച്ചാമേശയിലേക്കെത്തിച്ചിട്ടില്ല.



