
തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ കടുത്ത പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങാന്‍ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മൂവായിരത്തിലധികം ഹോട്ടലുകള്‍ അടച്ചിടാനാണ് നീക്കം. വാണിജ്യ സിലിണ്ടറുകളുടെ വില കുറയ്ക്കാതെ ചെറുകിട വ്യാപാരികള്‍ക്ക മുന്നോട്ടുപോകാനാകില്ലെന്നാണ് അസോസിയേഷന്റെ വിലയിരുത്തല്‍.
നിലവിലെ പ്രതിസന്ധിക്ക് അടുത്തമാസം ഒന്നിനകം ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ പാര്‍ലമെന്റ് മാര്‍ച്ച് അടക്കമുള്ള ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനാണ് ഹോട്ടലുടമകളുടെ തീരുമാനം. ഇതിനായി മറ്റു സംസ്ഥാനങ്ങളിലെ അസോസിയേഷനുകളുമായി സഹകരിച്ച് ദേശീയതലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. വാണിജ്യ സിലിണ്ടര്‍ വില അടിയന്തരമായി കുറയ്ക്കണമെന്നാണ് പ്രധാന ആവശ്യം.
അതേസമയം, സംസ്ഥാനത്തെ പാചകവാതകക്ഷാമം നേരിടുന്നതിനായി സിവില്‍ സപ്ലൈസ് കമ്മിഷണറേറ്റില്‍ 'വാര് റൂം' പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരും ഓയില്‍ കമ്പനികളുമായി നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് നടപടി. മുന്‍ഗണനാ സ്ഥാപനങ്ങളുടെ പട്ടിക പൊതുവിതരണ വകുപ്പ് ഉടന്‍ ഓയില്‍ കമ്പനികള്‍ക്ക് കൈമാറും.
സ്കൂള്‍-കോളജ് ഹോസ്റ്റലുകള്‍, ഗസ്റ്റ് ഹൗസുകള്‍, സര്‍ക്കാര്‍പൊതുമേഖലാ ഓഫീസ് ക്യാമ്പസുകളിലെ ക്യാന്റീനുകള്‍ തുടങ്ങിയ മേഖലകള്‍ക്ക് മുന്‍ഗണന നല്കി വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ തയാറാകണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ഥനയോട് ഓയില്‍ കമ്പനികള്‍ അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്.
ഗാര്‍ഹികേതര ഉപയോക്താക്കളുടെ വിവരങ്ങള്‍ എണ്ണക്കമ്പനികള്‍ ഉടന്‍ സര്‍ക്കാരിനു കൈമാറും. ഐടി മിഷന്റെ പിന്തുണയോടെ സിവില്‍ സപ്ലൈസ് വാര് റൂം ഈ വിവരങ്ങള്‍ വിശകലനം ചെയ്ത് അന്തിമ മുന്‍ഗണനാ പട്ടിക തയാറാക്കും. പട്ടികയില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ആദ്യം സിലിണ്ടര്‍ നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.






