
ബദിയടുക്ക: ക്രിക്കറ്റ് ടൂർണമെന്റിനിടെ ഉണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു. കുമ്പഡാജെ പഞ്ചായത്ത് പരിധിയിലെ മാപ്പിനടുക്കയിലാണ് യുവാവിനെ പിച്ചാത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത് സംഭവത്തിൽ രണ്ടുപേർക്കെതിരെ ബദിയടുക്ക പൊലീസ് കൊലകുറ്റത്തിന് കേസെടുത്തു. മാർപ്പിനടുക്ക ബദ്രുകുഡ്ലുവിലെ കൊറഗയുടെ മകൻ സുരേഷ് ബി.കെ (42) ആണ് മരിച്ചത്. സംഭവത്തിൽ കിരൺ, അഖിലേഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ഞായറാഴ്ച രാത്രി 9.25ഓടെ മാർപ്പിനടുക്ക ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന് സമീപത്തായിരുന്നു സംഭവം. കഴിഞ്ഞ ദിവസം കുമ്പഡാജെ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടെ സുരേഷും പ്രതികളും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.
സംഭവസമയത്ത് മാർപ്പിനടുക്ക ജംഗ്ഷനിൽ നിൽക്കുകയായിരുന്ന സുരേഷിനെ ഒന്നാംപ്രതി കിരൺ പിച്ചാത്തി ഉപയോഗിച്ച് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ചെന്നാണ് കേസ്. ആക്രമണത്തിന് അഖിലേഷ് സഹായം ചെയ്തതായും പറയുന്നു. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരിച്ച സുരേഷ് മാർപ്പിനടുക്കയിലെ ബദ്രു കുഡ്ലു ഹൗസിൽ താമസക്കാരനാണ്. മകൻ സുഭാഷ് ബി നൽകിയ പരാതിയിലാണ് ബദിയടുക്ക പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിത 103(1), 3(5) വകുപ്പുകൾ പ്രകാരമാണ് കൊലകുറ്റത്തിന് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ ബദിയടുക്ക ഇൻസ്പെക്ടർ ആർ പി അനൂപ് കൃഷ്ണയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
പ്രതികൾക്കായുള്ള തെരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.






