
തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടെ സംസ്ഥാന ഭരണയന്ത്രത്തിലും ഐ.എ.എസ് തലപ്പത്തും വന്‍ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. രാഷ്ട്രീയ സമവാക്യങ്ങളിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കപ്പുറം, ഭരണസംവിധാനം കൂടുതല്‍ വേഗത്തിലാക്കാന്‍ ബ്യൂറോക്രസിയില്‍ അടിയന്തര ഇടപെടലുകള്‍ നടത്താനാണ് പുതിയ മുഖ്യമന്ത്രിയുടെ നീക്കം. ഇതിന്റെ ആദ്യപടിയായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിവാദങ്ങളെത്തുടര്‍ന്ന് സസ്പെന്‍ഷനിലായ പ്രമുഖ ഐ.എ.എസ് ഉദ്യോഗസ്ഥരായ ബി. അശോക്, എന്‍. പ്രശാന്ത് എന്നിവരുടെ സസ്പെന്ഷന് പിന്‍വലിക്കാന്‍ പുതിയ സര്‍ക്കാര്‍ ഉടന്‍ തീരുമാനിക്കുമെന്നാണ് സൂചന.
ഭരണരംഗത്ത് മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ബി. അശോകിന്റെ സസ്പെന്ഷന് പിന്‍വലിക്കുക മാത്രമല്ല, പുതിയ സര്‍ക്കാരിന്റെ ഏറ്റവും നിര്‍ണായകമായ ഏതെങ്കിലും ഒരു 'താക്കോല്‍ സ്ഥാനത്ത്' അദ്ദേഹത്തിന് നിയമനം നല്‍കാനും ധാരണയായിട്ടുണ്ട്. സതീശന് സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പിലാക്കാന്‍ അശോകിനെപ്പോലെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ സേവനം അനിവാര്യമാണെന്നാണ് വിലയിരുത്തല്‍.
സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളെത്തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട എന്‍. പ്രശാന്തിന്റെ സസ്പെന്‍ഷനും പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ തന്നെ റദ്ദാക്കും. പ്രശാന്തിന്റെ ഭരണപരമായ മികവുകളെ പാഴാക്കിക്കളയാതെ, അദ്ദേഹത്തിന്റെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള പ്രധാനപ്പെട്ട മറ്റൊരു വകുപ്പിന്റെ ചുമതല തന്നെ നല്‍കാനാണ് നീക്കം.
ഉദ്യോഗസ്ഥ തലത്തിലും കടുത്ത തീരുമാനങ്ങളിലേക്ക് സതീശന് കടക്കുകയാണെന്ന സൂചനയാണ് ഇത് നല്‍കുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്തെ ഉദ്യോഗസ്ഥ ഭരണപരമായ കെടുകാര്യസ്ഥതകള്‍ തിരുത്തുക എന്ന രാഷ്ട്രീയ സന്ദേശം കൂടി ഇതിലൂടെ ജനങ്ങള്‍ക്ക് നല്കാന് യു.ഡി.എഫ് ലക്ഷ്യമിടുന്നു.






