
ഫ്രാന്‍സിലെ ലോകപ്രശസ്തമായ കാന്‍സ് ചലച്ചിത്രോത്സവത്തില്‍ മലയാളത്തിന്റെ ക്ലാസിക് ചിത്രം ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാന്റെ പ്രദര്‍ശനം ശനിയാഴ്ച്ചയായിരുന്നു. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ റെസ്റ്റോറേഷന് നടത്തിയ പതിപ്പ് കാന്‍സിലെ വേള്‍ഡ് ക്ലാസിക് വിഭാഗത്തിലാണ് ഇന്നലെ പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച േജായ് മാത്യു, ഛായാഗ്രാഹകന്‍ വേണു, എഡിറ്റര്‍ ബീന പോള്‍ എന്നിവര്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി കാന്‍സില്‍ എത്തിയിരുന്നു. ഇപ്പോഴിതാ അവിടെനിന്നുളള ജോയ് മാത്യുവിന്റെ വീഡിയോ പങ്കുവച്ച് നടന് റഹ്മാന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ ശ്രദ്ധ നേടുകയാണ്.
'ജോയ് മാത്യുവിന് 'കാന്‍ ക്ലാസിക്' അംഗീകാരം ലഭിച്ചതില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. എല്ലാവരും പറയാറുള്ളതുപോലെ... എല്ലാറ്റിനും അതിന്റേതായ ഒരു സമയവും കാലവുമുണ്ട് - നമ്മളില്‍ പലര്‍ക്കും നേരത്തെ തന്നെ അറിയാമായിരുന്ന ഒരു കാര്യം ഔദ്യോഗികമായി അംഗീകരിക്കാന്‍ ലോകത്തിന് 40 വര്‍ഷമെടുത്തു എന്ന് മാത്രം. പിന്നെ ഒന്നു പറയാതെ വയ്യ... ആ ടക്സീഡോയില്‍ നിങ്ങള്‍ ആ വേദി അക്ഷരാര്‍ത്ഥത്തില്‍ കീഴടക്കി കളഞ്ഞു. നിങ്ങളുടെ ആ ശൈലിയും ഗാംഭീര്യവും സാന്നിധ്യവും കണ്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി. നല്ല സിനിമ പോലെ പ്രായമാകും തോറും തിളക്കം കൂടുന്നു. എപ്പോഴും ആദരവും സ്നേഹവും മാത്രം', എന്നാണ് റഹ്മാന് കുറിച്ചത്.
ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത് 1986 ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് അമ്മ അറിയാന്‍. ഇത്തവണ ഇന്ത്യയില്‍ നിന്ന് ഈ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഏക സിനിമയാണ് അമ്മ അറിയാന്‍.






