
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ അത്യപൂര്‍വമായ സൗഹാര്‍ദ്ദ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ്. സെന്‍ട്രല്‍ സ്റ്റേഡിയത്തിനകത്തും പുറത്തുമായി തടിച്ചുകൂടിയ പതിനായിരക്കണക്കിന് പ്രവര്‍ത്തകരുടെ ആവേശക്കടലിനെ സാക്ഷിയാക്കിയായിരുന്നു ചടങ്ങുകള്‍.
ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം ഒരുമിച്ച് ഒരേ വേദി പങ്കിട്ടു എന്നതാണ് ഈ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഏറ്റവും വലിയ സവിശേഷത. അടുത്തകാലത്തൊന്നും കേരളം കണ്ടിട്ടില്ലാത്ത വിധം രാഷ്ട്രീയ സൗഹാര്‍ദ്ദത്തിന്റെ വേദിയായി ഇത് മാറി. പുതിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന്, ബിജെപി സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍, സിപിഐ സംസ്ഥാന അധ്യക്ഷന്‍ ബിനോയ് വിശ്വം എന്നിവര്‍ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു.
കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സമുന്നത നേതാക്കളുടെ വന്‍ സാന്നിധ്യം കൊണ്ട് വേദി സമ്പന്നമായിരുന്നു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രിയങ്കാ ഗാന്ധി എംപി എന്നിവരുടെ സാന്നിദ്ധ്യവുമുണ്ടായി. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എന്നിവരും സന്നിഹിതരായിരുന്നു.
യുഡിഎഫ് നിരയില്‍ നിന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, വി.എം. സുധീരന് തുടങ്ങിയ മുതിര്‍ന്ന നേതാക്കളും ചടങ്ങിന് സാക്ഷ്യം വഹിച്ചു. വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരും പ്രതിപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ഡി. സതീശന് (മുഖ്യമന്ത്രി), രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരന്, ബിന്ദു കൃഷ്ണ, എ.പി. അനില്‍ കുമാര്‍, പി.സി. വിഷ്ണുനാഥ്, എം. ലിജു, റോജി എം. ജോണ്‍, ടി. സിദ്ദിഖ്, ഒ.ജെ. ജനീഷ്, കെ.എ. തുളസി, പി.കെ. കുഞ്ഞാലിക്കുട്ടി, എന്‍. ഷംസുദ്ദീന്, പി.കെ. ബഷീര്‍, കെ.എം. ഷാജി, അബ്ദുള്‍ ഗഫൂര്‍, ഷിബു ബേബി ജോണ്‍, സി.പി. ജോണ്‍, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ്. എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
കേരള കോണ്‍ഗ്രസ് പ്രതിനിധികളായ അനൂപ് ജേക്കബും മാണി സി. കാപ്പനും ടേം വ്യവസ്ഥയിലാണ് മന്ത്രിമാരാകുന്നത്. ആദ്യ രണ്ടര വര്‍ഷം അനൂപ് ജേക്കബും തുടര്‍ന്ന് ബാക്കി കാലാവധി മാണി സി. കാപ്പനും മന്ത്രിസ്ഥാനം കൈകാര്യം ചെയ്യും. യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി ഷാനിമോള്‍ ഉസ്മാനെയും നിശ്ചയിച്ചിട്ടുണ്ട്.
വകുപ്പുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചനയുണ്ട്.






