
തിരുവനന്തപുരം: മതമൈത്രിക്ക് മാതൃകയായി വീണ്ടും കേരളം. പതിനാറാം കേരള നിയമസഭയിലേക്ക് കഴിഞ്ഞ ഏപ്രിൽ 9ന് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ ഏതാണ്ട് തുല്യ എണ്ണത്തിൽ ക്രിസ്ത്യൻ- മുസ്ലിം സമുദായ അംഗങ്ങൾ. ഭൂരിപക്ഷ സമുദായ അംഗങ്ങളുടെ വോട്ടുകൾകൂടി നേടിയായിരുന്നു ഇവരുടെയെല്ലാം വിജയം.
ആകെയുള്ള 140 നിയമസഭാ അംഗങ്ങളിൽ 71 പേരാണ് ക്രിസ്ത്യൻ- മുസ്ലിം സമുദായത്തിൽ നിന്നുള്ളവർ.ഇതിൽ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നും 36 പേരും മുസ്ലിം വിഭാഗത്തിൽനിന്ന് 35 പേരുമാണ് ഉള്ളത്. ക്രിസ്ത്യൻ- മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്ന് മാത്രം തെരഞ്ഞെടുക്കപ്പെട്ടവരല്ല ഇവർ.
മറ്റു സമുദായങ്ങൾക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ നിന്നും ഈ വിഭാഗങ്ങളിൽ നിന്നുള്ളവർ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ മുസ്ലീങ്ങൾ മറ്റു സമുദായങ്ങളോട് പുലർത്തുന്ന സാഹോദര്യത്തിന് ഉത്തമ ഉദാഹരണമാണ് മലപ്പുറം ജില്ലയിലെ തവനൂർ നിയമസഭാ മണ്ഡലം. മുസ്ലിം ഭൂരിപക്ഷമണ്ഡലമായ ഇവിടെ യുഡിഎഫിന് വേണ്ടി മത്സര രംഗത്ത് ഉണ്ടായിരുന്നത് ഇതര സമുദായ അംഗമായ അഡ്വ. വി എസ് ജോയി യാണ്.എൽഡിഎഫിന് വേണ്ടിയാകട്ടെ സിറ്റിംഗ് എംഎൽഎ യാ യ ഡോ കെ ടി ജലീലും.ജോയിയും ജലീലും തമ്മിലുള്ള മത്സരത്തിൽ 14 647 വോട്ടുകൾക്കാണ് ജോയി ജലീലിനെ പരാജയപ്പെടുത്തിയത്. സ്വന്തം സമുദായത്തിലുള്ള ആളായിട്ടും തവനൂരിലെ ഭൂരിപക്ഷം മുസ്ലിം ജനവിഭാഗവും ജലീലിനെ കൈവിട്ട് ജോയിക്ക് വോട്ട് ചെയ്യുകയായിരുന്നു.
2011 മുതൽ 2021 വരെ തുടർച്ചയായി മൂന്ന് തവണ മണ്ഡലത്തിൽ വിജയിച്ച കെ ടി ജലീലിനെയാണ് ജോയിക്ക് വേണ്ടി ഭൂരിപക്ഷം ജനങ്ങളും വലിച്ചെറിഞ്ഞത് എന്ന് മനസ്സിലാക്കുമ്പോഴാണ് മതേതരത്തിന്റെ മഹത്വം മനസ്സിലാകുക.
2026 ലെ തെരഞ്ഞെടുപ്പിൽ ഇതര സമുദായംഗത്തിലൊരാൾ മുസ്ലിം ലീഗിന്റെ ബാനറിൽ ജനവിധി തേടി എന്നതും നേരത്തെ മുസ്ലിംലീഗിന്റെ എംഎൽഎയായി ഇതര സമുദായ അംഗമായ യു സി രാമൻ കുന്ദമംഗലം സംവരണം മണ്ഡലത്തിൽ നിന്നും രണ്ട് പ്രാവശ്യം വിജയിച്ചിരുന്നു എന്നതും മതേതരത്തിന്റെ മാതൃക തന്നെയാണ്.
2001ലും 2006ലുമാണ് യു സി രാമൻ കുന്ദമംഗലത്ത് നിന്നും വിജയിച്ചത്.പിന്നീട് 2011ലും 2016ലും രാമന് മുസ്ലിം ലീഗ് മത്സരിക്കാൻ സീറ്റ് നൽകിയെങ്കിലും അദ്ദേഹത്തിന് വിജയിക്കാൻ കഴിഞ്ഞില്ല. 2011 ൽ കുന്ദ മംഗലത്തും 2016ൽ ബാലുശ്ശേരിയിലുമാണ് അദ്ദേഹം ജനവിധി തേ ടിയിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൂത്തുപറമ്പിൽ ജനവിധി തേടിയ ജയന്തി രാജൻ മുസ്ലിംലീഗ് സ്ഥാനാർഥിയായിരുന്നു. വെറും 1286 വോട്ടുകൾക്കാണ് അവർ പരാജയപ്പെട്ടത്.
വിവിധ സമുദായങ്ങളുടെ കലവറയാണ് പതിനാറാം കേരള നിയമസഭ. ഈഴവ- തീയ്യ വിഭാഗത്തിൽ നിന്നും 21 പേരും മുസ്ലിം വിഭാഗത്തിൽ നിന്നും 35 പേരും സവർണ്ണ ഹിന്ദു വിഭാഗത്തിൽ നിന്നും 32 പേരും നിയമസഭയിലുണ്ട്. സവർണ്ണ ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ളവരുടെ എണ്ണം 26 ആണ്. ഇതര ഒ ബി സി യിൽ നിന്നും രണ്ടും ലത്തീൻ ക്രൈസ്തവ വിഭാഗത്തിൽനിന്ന് അഞ്ചും നാടാർ വിഭാഗത്തിൽ നിന്നും മൂന്നും അംഗങ്ങളാണുള്ളത്.16 അംഗങ്ങളുമായി പട്ടികജാതി -പട്ടികവർഗ്ഗ വിഭാഗവും നിയമസഭയിൽ സമ്പന്നമാണ്.






