
ധാക്ക: ഈദ്-ഉല്‍-അദ്ഹയ്ക്ക് മുന്നോടിയായി ലോകനേതാക്കളായ ഡൊണാള്‍ഡ് ട്രംപ്, ബെന്യാമിന്‍ നെതന്യാഹു എന്നിവരുടെ പേരുകളുള്ള രണ്ട് പോത്തുകള്‍ ബംഗ്ലാദേശില്‍ അപ്രതീക്ഷിത താരങ്ങളായി മാറിയിരിക്കുകയാണ്. നാരായണ്‍ഗഞ്ചിലെ പൈക്പാറ പ്രദേശത്തുള്ള, ഏകദേശം 700 കിലോഗ്രാം ഭാരമുള്ള 'ഡൊണാള്‍ഡ് ട്രംപ്' എന്ന് പേരിട്ടിരിക്കുന്ന പോത്താണ് ഇതില്‍ പ്രധാന താരം.
ഇവയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോത്തിന്റെ തലയിലെ സ്വര്‍ണ്ണ നിറത്തിലുള്ള രോമങ്ങളും യുഎസ് പ്രസിഡന്റുമായുള്ള 'അസാധാരണമായ സാദൃശ്യവും' ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ചൂണ്ടിക്കാണിക്കുന്നു. ഏകദേശം 10 മാസം മുമ്പ് രാജ്ഷാഹിയിലെ ഒരു കന്നുകാലി ചന്തയില്‍ നിന്നാണ് ഈ മൃഗത്തെ വാങ്ങിയതെന്ന് ഫാം ഉടമ സിയാവുദ്ദീന്‍ മൃദ വെളിപ്പെടുത്തി.
തലയിലെ ചെമ്പിച്ച രോമങ്ങള്‍ കണ്ടിട്ടാണ് അതിനെ വാങ്ങിയതെന്നും സാമ്യത കണ്ടാണ് ഡൊണാള്‍ഡ് ട്രംപ് എന്ന് പേരിട്ടതെന്നും പറഞ്ഞു. മൃദയുടെ അഭിപ്രായത്തില്‍, ദക്ഷിണേഷ്യയില്‍ അല്‍ബിനോ പോത്തുകള്‍ വളരെ അപൂര്‍വമാണ്. ശല്യപ്പെടുത്തിയില്ലെങ്കില്‍ ഇവ പൊതുവെ ശാന്തസ്വഭാവ ക്കാരാ ണ്. ഇതിന്റെ വലിപ്പത്തിനും ആരോഗ്യകരമായ രൂപത്തിനും കാരണം ഇതിന് നല്‍കിവന്ന ചോളം, സോയാബീന്‍, തവിട് തുടങ്ങിയ പോഷകഗുണമുള്ള ഭക്ഷണങ്ങളാണെന്നും പറയുന്നു.
മറ്റൊരു പോത്തും ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. 750 കിലോഗ്രാമിലധികം ഭാരമുള്ള ഇതിന് 'ബെന്യാമിന്‍ നെതന്യാഹു' എന്നാണ് പേരിട്ടിരിക്കുന്നത്. ഫാം ജീവനക്കാര്‍ പറയുന്നതനുസരിച്ച്, ഇത് വളരെ ഊര്‍ജ്ജസ്വലനും കുസൃതിക്കാരനുമാണ്. ദേഷ്യം വരുമ്പോള്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുകയും പരിചാരകര്‍ക്ക് നേരെ പാഞ്ഞടുക്കുകയും ചെയ്യാറുണ്ട്.






