
നോയിഡ: വിവാഹം കഴിഞ്ഞ് ഒന്നരവര്‍ഷത്തിനുള്ളില്‍ മൂന്ന് നില കെട്ടിടത്തില്‍ നിന്നും ചാടി യുവതി മരിച്ച സംഭവത്തിന് പിന്നില്‍ സ്ത്രീധന പീഡനമെന്ന പരാതിയുമായി കുടുംബം. സ്ത്രീധനമായി 11 ലക്ഷം രൂപയൂം സ്‌കോര്‍പിയോയും നല്‍കിയിട്ടും സ്ത്രീധനമായി പിന്നെയും ഒരു 50 ലക്ഷം രൂപയും ഫോര്‍ച്യൂണര്‍ കാറും ആവശ്യപ്പെട്ടതായി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
വിവാഹത്തിനായി ആ കുടുംബം ചിലവഴിച്ചത് ഏകദേശം ഒരു കോടി രൂപയാണ്. എന്നാല്‍ ഒന്നര വര്‍ഷത്തിനുശേഷം ആ 25 വയസ്സുകാരി മരണപ്പെട്ടു. ഡല്‍ഹിയുടെ പ്രാന്തപ്രദേശമായ ഗ്രേറ്റര്‍ നോയിഡയിലെ മൂന്നാം നിലയിലുള്ള ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണാണ് യുവതി മരിച്ചതെന്ന് പോലീസ് അറിയിച്ചു.
ഞായറാഴ്ച രാത്രി വൈകി ഗ്രേറ്റര്‍ നോയിഡയിലെ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജല്‍പുര പ്രദേശത്താണ് സംഭവം നടന്നത്. സ്ത്രീധനത്തിന്റെ പേരില്‍ ദീപിക നഗര്‍ എന്ന യുവതി മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടിരുന്നതായി കുടുംബം ആരോപിക്കുന്നു.
ഇരയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, യുവതിയുടെ ഭര്‍ത്താവ് റിതിക് തന്‍വാര്‍, ഭര്‍തൃപിതാവ് എന്നിവരെ ഈ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
വിവാഹസമയത്ത് നല്‍കിയ സ്ത്രീധനത്തില്‍ ഭര്‍തൃവീട്ടുകാര്‍ തൃപ്തരായിരുന്നില്ല എന്നാണ് ദീപികയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. 2024 ഡിസംബറിലെ വിവാഹസമയത്ത് 11 ലക്ഷം രൂപയും, 50 ലക്ഷം രൂപയുടെ സ്വര്‍ണവും, ഫര്‍ണിച്ചറുകളും, ഒരു സ്‌കോര്‍പിയോ കാറും നല്‍കിയിരുന്നതായി ദീപികയുടെ പിതാവ് സഞ്ജയ് നഗര്‍ വ്യക്തമാക്കുന്നു.
ഇതിന് പുറമെയാണ് ഭര്‍തൃവീട്ടുകാര്‍ 50 ലക്ഷം രൂപയും ഫോര്‍ച്യൂണര്‍ കാറും അധികമായി ആവശ്യപ്പെട്ടത്. ഞായറാഴ്ച ദീപിക വീട്ടിലേക്ക് കരഞ്ഞുകൊണ്ട് വിളിക്കുകയും ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്നതായി അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ദീപികയുടെ പിതാവും ഏതാനും ബന്ധുക്കളും അന്നുതന്നെ വൈകുന്നേരം ഭര്‍തൃവീട്ടിലെത്തി തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. ആശുപത്രിയില്‍ വെച്ച് ദീപികയുടെ ശരീരത്തില്‍ പരിക്കേറ്റ പാടുകള്‍ കണ്ടെത്തിയതായും മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും ചോര വരുന്നുണ്ടായിരുന്നു എന്നും യുവതിയുടെ കുടുംബം ആരോപിച്ചു.






