ബെയ്ജിങ്: അണ്വായുധശേഷി വര്‍ധിപ്പിക്കാന്‍ പാകിസ്താന് ചൈനയുടെ സഹായം തേടിയിരുന്നതായി റിപ്പോര്‍ട്ട്.
പകരമായി ഗ്വാദറിലെ ആഴക്കടല്‍ തുറമുഖം സൈനികത്താവളം നിര്‍മിക്കാനായി ചൈനയ്ക്കു വിട്ടുകൊടുക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, ആണവ നയവുമായി ബന്ധപ്പെട്ട ചൈനയുടെ ആശങ്കകളെത്തുടര്‍ന്ന് ചര്‍ച്ച ഫലം കണ്ടില്ലെന്നു ഡ്രോപ്പ് സൈറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഡ്രോപ്പ് സൈറ്റ് ന്യൂസ് പുറത്തുവിട്ട രഹസ്യ പ്രതിരോധ രേഖകള്‍ പ്രകാരം, ഗ്വാദറില്‍ ചൈനീസ് സൈനിക താവളത്തിന് അനുമതി നല്‍കുന്നതിന് മുമ്പ് പാകിസ്താന് പ്രതിനിധികള്‍ ചില നിബന്ധനകള്‍ തയാറാക്കിയിരുന്നു. ചൈനീസ് സൈനിക സാന്നിധ്യം ഉണ്ടാകുന്നതിനെത്തുടര്‍ന്ന് അമേരിക്കയില്‍നിന്ന് പാകിസ്താന് നേരിടേണ്ടി വന്നേക്കാവുന്ന സാമ്പത്തിക, നയതന്ത്ര, രാഷ്ട്രീയ ഉപരോധങ്ങളില്‍നിന്ന് നിയമപരമായി സംരക്ഷിക്കണമെന്നായിരുന്നു പ്രധാന ആവശ്യം.
ഇന്ത്യയുടെ സൈനിക ശേഷിയുമായി തന്ത്രപരമായ തുല്യത നിലനിര്‍ത്താന്‍ പാക് സായുധ സേനയ്ക്കും രഹസ്യാന്വേഷണ ശൃംഖലകള്‍ക്കും ആധുനികവല്‍ക്കരണ പിന്തുണയും പാകിസ്താന് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും 'ഉറ്റ ചങ്ങാതിമാര്‍' ആണെങ്കിലും, ആണവ അതിര്‍വരമ്പുകള്‍ ലംഘിക്കാന്‍ ചൈന തയാറായില്ല.



